Saturday, February 21, 2009

ലാവലിന്‍: പിണറായിക്കെതിരെ കൂടുതല്‍ തെളിവുമായി ജനശക്തി


തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ ഇടപാടില്‍ സി.ബി.ഐ പ്രതിയാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കൂടുതല്‍ തെളിവുകളുമായി ജനശക്തി വാരിക രംഗത്തെത്തി. പിണറായി വിജയന്‍ അഴിമതി നടത്തിയതിന് തെളിവില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനുള്ള മറുപടിയായി 'ഇതാ പ്രകാശ് തെളിവുകള്‍' എന്ന തലക്കെട്ടുമായാണ് വാരികയുടെ പുതിയ ലക്കം വിപണിയിലെത്തിയിട്ടുള്ളത്. ലാവലനുമായി കരാര്‍ ഒപ്പിടാന്‍ തങ്ങള്‍ക്ക് മേല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി കേസിലെ മറ്റ് പ്രതികള്‍ സി.ബി.ഐക്ക് മൊഴി നല്‍കിയ ഭാഗവും ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് പിണറായി വിജയനൊടൊപ്പം കേരളത്തിലെത്തുമ്പോള്‍ പ്രാതല്‍ കഴിച്ചകാര്യവും അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നും മറ്റ് പ്രതികള്‍ സി.ബി.ഐയോട് സമ്മതിച്ചിട്ടുണ്ട്.ഇതിന് പുറമേ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണ ജോലികള്‍ ഏല്‍പ്പിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് സ്റ്റിയറിങ് കമ്മിറ്റി നല്‍കിയ നിര്‍ദേശവും പിണറായി തള്ളിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ ധനകാര്യമന്ത്രി തോമസ് ഐസക് കൂടി അംഗമായ ആസൂത്രണ ബോര്‍ഡാണ് ഈ ശിപാര്‍ശ നല്‍കിയത്.


No comments: