Sunday, February 22, 2009

പാകിസ്താനിലെ ഭീകരവേട്ട അമേരിക്ക വിപുലമാക്കുന്നു


ന്യൂയോര്‍ക്ക്: പാകിസ്താനില്‍ അമേരിക്ക നടത്തുന്ന ഭീകരവിരുദ്ധയുദ്ധം വിപുലമാക്കാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഭീകര നേതാവ് ബെയ്ത്തുള്ള മെഹസൂദിന്റെ കീഴിലുള്ള രണ്ട് പരിശീലനകേന്ദ്രങ്ങളില്‍ അമേരിക്ക കഴിഞ്ഞയാഴ്ച നടത്തിയ മിസൈലാക്രമണം ഇതാണ് വ്യക്തമാക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ബുഷ് ഭരണകാലത്ത് പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരത്താവളങ്ങള്‍ക്കുനേരെ യു.എസ്.സേന ആക്രമണം നടത്തിയിരുന്നുവെങ്കിലും പാകിസ്താനുള്ളില്‍ കടന്ന് വ്യാപകമായി ആക്രമണം നടത്തിയിരുന്നില്ല. സി.ഐ.എ.യുടെ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ച് പാകിസ്താനില്‍ ബുഷ് നടത്തിയ ഭീകരവേട്ട കൂടുതല്‍ ശക്തമാക്കുമെന്ന ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം അദ്ദേഹം നടപ്പാക്കാന്‍ പോവുന്നു എന്നാണ് പുതിയ ആക്രമണം വ്യക്തമാക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെഹ്‌സൂദിനെ കൊല്ലുക എന്ന ലക്ഷ്യവുമായാണ് ശനിയാഴ്ച പരിശീലനകേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതെന്ന് പാക്- അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. മെഹ്‌സൂദിന്റെ അനുയായി ഹക്കിം ഉല്ല മെഹ്‌സൂദ് നടത്തുന്ന ക്യാമ്പിനുനേര്‍ക്കാണ് തിങ്കളാഴ്ച മിസൈലാക്രമണമുണ്ടായത്. പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകമുള്‍പ്പെടെ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ബെയ്ത്തുള്ള മെഹ്‌സൂദ്.


No comments: