Sunday, February 22, 2009

ദുരന്തം നേരിടാന്‍ ജില്ലകള്‍തോറും 'സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്'


കണ്ണൂര്‍:ദുരന്തങ്ങളും അത്യാഹിതങ്ങളും വരുമ്പോള്‍ അവ നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ജില്ലകള്‍തോറും 'സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍' സ്ഥാപിക്കുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി(എന്‍.ഡി.എം.എ.)യുടെ നിര്‍ദേശാനുസരണം സംസ്ഥാന റവന്യൂവകുപ്പാണ് ഈ സംരംഭത്തിന് തുടക്കമിടുന്നത്. ആദ്യഘട്ടമെന്നനിലയില്‍ കണ്ണൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ മേഖലാകേന്ദ്രങ്ങള്‍ ഉടന്‍ നിലവില്‍വരും. ഇതിനായി എന്‍.ഡി.എം.എ. ഓരോ കേന്ദ്രത്തിനും ഒരുകോടിരൂപ വീതം നല്‍കിക്കഴിഞ്ഞു. ജില്ലാതലങ്ങളില്‍ കേന്ദ്രങ്ങള്‍ വരുന്നതിനനുസരിച്ച് കൂടുതല്‍ സഹായം ലഭ്യമാവും. സംസ്ഥാന സര്‍ക്കാരും ഇതിന്റെ നടത്തിപ്പില്‍ പങ്കാളിത്തം വഹിക്കും. ജില്ലാതലങ്ങള്‍ക്ക് കീഴില്‍ പിന്നീട് പഞ്ചായത്തുതലത്തിലും ഇത്തരം സംവിധാനം ഉണ്ടാക്കും. സംസ്ഥാനത്ത് നേരത്തെ ഉണ്ടായ സുനാമി ദുരന്തം, കോഴിക്കോട്ടെ പടക്കവില്പനകേന്ദ്രത്തിലെ അഗ്നിബാധ, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയൊക്കെ നേരിടുന്നതില്‍ ഉണ്ടായ ആശയക്കുഴപ്പങ്ങളില്‍നിന്നാണ് ഇത്തരം സംവിധാനം വേണമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിന്റെ തുടക്കമെന്നനിലയില്‍ 2008 ജനവരി 18ന് സംസ്ഥാനത്തെ എല്ലാ കളക്ടര്‍മാരുടെയും യോഗം സ്പീക്കര്‍ കെ.രാധാകൃഷ്ണനും മന്ത്രി കെ.പി.രാജേന്ദ്രനും ചേര്‍ന്ന് വിളിച്ചിരുന്നു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മേധാവികളും ഈ യോഗത്തില്‍ സംബന്ധിച്ചു. ആ യോഗത്തിന്റെ തുടര്‍ച്ചയെന്നനിലയിലാണ് ഇപ്പോള്‍ മൂന്ന് മേഖലാ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാവുന്നത്. അത്യാഹിതം ഉണ്ടാവുമ്പോള്‍ പലതലങ്ങളിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പരിഭ്രമത്തിനിടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയാതെപോവുന്നത് പലപ്പോഴും അനാവശ്യമായ കാലതാമസത്തിനും ആള്‍നാശത്തിനും ഇടയാക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍, സായുധസേന, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയെ എല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള സംവിധാനമാണ് ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് കൊണ്ട് ലക്ഷ്യമിടുന്നത്. കളക്ടര്‍ക്കായിരിക്കും ഓരോ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ചുമതല. പെട്ടെന്ന് രംഗത്തിറക്കാന്‍ കഴിയുന്ന 'ക്വിക്ക് റിയാക്ഷന്‍ ടീം' (ക്യൂ.ആര്‍.ടി.) ഓരോ കേന്ദ്രത്തിലും ഉണ്ടാവും. സായുധസേനയില്‍നിന്നും പോലീസില്‍നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും ക്യൂ.ആര്‍.ടി. രൂപവത്കരിക്കുന്നത്. ജില്ലാതലത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടും ക്യൂ.ആര്‍.ടി.യും യാഥാര്‍ഥ്യമായാല്‍ ഗ്രാമപ്പഞ്ചായത്തുതലത്തിലും ഇവ രൂപവത്കരിക്കും. ക്യൂ.ആര്‍.ടി.യുടെ നടത്തിപ്പിന് ഓരോ കേന്ദ്രത്തിലും ചീഫ് വാര്‍ഡന്‍ ഉണ്ടാവും. അതിനുകീഴില്‍ നിരവധിതലങ്ങളില്‍ വാര്‍ഡന്‍മാരും താഴെത്തട്ടില്‍ വളണ്ടിയര്‍മാരും അടങ്ങുന്നതാണ് ഈ സംഘം. പഞ്ചായത്തുതലത്തില്‍ 'സെക്ടറല്‍ വാര്‍ഡന്' ആയിരിക്കും ക്യൂ.ആര്‍.ടി.യുടെ ചുമതല. വിവരങ്ങള്‍ യഥാസമയം യഥാസ്ഥാനത്ത് കൈമാറല്‍, പ്രഥമശുശ്രൂഷ, ക്ഷേമപ്രവര്‍ത്തനം എന്നിവയൊക്കെ ക്യൂ.ആര്‍.ടി.യുടെ ലക്ഷ്യങ്ങളില്‍പെടും. അടിയന്തരഘട്ടങ്ങളെ കൈകാര്യംചെയ്യാനുള്ള പരിശീലനം എല്ലാതലങ്ങളിലും ഉള്ളവര്‍ക്ക് നല്‍കും.ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രവും സ്വഭാവവും ഇതിനുമുമ്പ് നടന്ന അത്യാഹിതങ്ങളുമൊക്കെ പഠിച്ച് താലൂക്കുതലത്തില്‍ പ്രത്യേക രേഖ ഉണ്ടാക്കിക്കൊണ്ടാണ് ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് കളക്ടര്‍ ഇഷിതാറോയി 'മാതൃഭൂമി'യോട് പറഞ്ഞു. അപകടസാധ്യതകളുള്ള പ്രദേശങ്ങള്‍ ഇതില്‍ പ്രത്യേകം അടയാളപ്പെടുത്തും. വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉരുള്‍പൊട്ടല്‍, പകര്‍ച്ചവ്യാധി തുടങ്ങിയവയൊക്ക ഈ സംവിധാനത്തിന് കീഴില്‍ ലക്ഷ്യമാക്കുന്നുണ്ട്. കണ്ണൂരിന് ഇപ്പോള്‍ അനുവദിച്ച മേഖലാകേന്ദ്രം സമീപജില്ലകള്‍ക്കുകൂടി ഉപകാരപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. പി.പി.ശശീന്ദ്രന്‍


No comments: