Sunday, February 22, 2009

മുംബൈ ആക്രമണം; എഫ്.ബി.ഐ. സംഘം പാകിസ്താനിലേക്ക്‌


ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടരന്വേഷണങ്ങള്‍ക്കായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ.യുടെ ഏഴംഗസംഘം അടുത്തയാഴ്ച പാകിസ്താനിലെത്തും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ. ശേഖരിച്ച തെളിവുകളെക്കുറിച്ച് പാക് നിയമകാര്യ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. പാകിസ്താന്റെ കസ്റ്റഡിയിലുണ്ടെന്ന് പാക് ആഭ്യന്തരമന്ത്രാലയം ഉപദേഷ്ടാവ് റഹ്മാന്‍ മാലിക് വെളിപ്പെടുത്തിയ ഭീകരരെക്കുറിച്ചും എഫ്.ബി.ഐ. സംഘം വിവരങ്ങള്‍ തേടും. അതേസമയം, കേസന്വേഷിക്കുന്ന പാക്‌സംഘത്തെ ഇന്ത്യയിലേക്കയയ്ക്കുന്ന കാര്യത്തില്‍ പാകിസ്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി യൂസഫ് റസ ഗീലാനി വ്യക്തമാക്കി. ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ കൈവശമുള്ള തെളിവുകള്‍ പാകിസ്താന്റെ അന്വേഷണസംഘവുമായി പങ്കുവെക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന് ഈയിടെ പാകിസ്താന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ ദൂതന്‍ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കാണ് പാകിസ്താനെ അറിയിച്ചതെന്നും ഗീലാനി പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബ്രിട്ടീഷ് പ്രതിനിധി ബരോണസ് പോളിന നിവെല്ലിയുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഗീലാനി അഭിപ്രായപ്പെട്ടിരുന്നു. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കശ്മീര്‍പ്രശ്‌നവും ഘടകമാണെന്നും അതിനാല്‍ ഇന്ത്യയും പാകിസ്താനും സമഗ്രചര്‍ച്ച പുനരാരംഭിക്കണമെന്നും ഗീലാനി ആവശ്യപ്പെട്ടു.


No comments: