Saturday, February 21, 2009

ചെന്നൈയില്‍ അഭിഭാഷകരുടെ അക്രമം തുടരുന്നു; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്‌


ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതിയിലും പരിസരത്തും അക്രമം അഴിച്ചുവിട്ടു. വ്യാഴാഴ്ച തീയിട്ട ബി-നാല് പോലീസ്‌സ്റ്റേഷന്റെ ശേഷിച്ച ഭാഗങ്ങള്‍കൂടി കത്തിച്ചു. ഒരു ഗവണ്‍മെന്റ് ജീപ്പും മലയാളി ഫയര്‍ ഓഫീസറുടെ സ്വകാര്യ വാഹനവും അഗ്നിക്കിരയാക്കി. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ പടരുന്നത് തടയാനായി ഡി.ജി.പി. കെ.പി. ജെയിന്‍, അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനുത്തരവ് പുറപ്പെടുവിച്ചു. ഇതിനിടെ, വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ പോലീസ് നടപടിക്ക് നേതൃത്വം നല്‍കിയ നോര്‍ത്ത് ജോയിന്റ് കമ്മീഷണര്‍ രാമസുബ്രഹ്മണ്യത്തെ സ്ഥലം മാറ്റി.തമിഴ്‌നാട് നിയമസഭയില്‍ കോടതിവളപ്പിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ബഹളംവെച്ച പ്രതിപക്ഷത്തെ സ്പീക്കര്‍ സഭയില്‍നിന്ന് ഇറക്കിവിട്ടു. മധുരയിലും അഭിഭാഷകരുടെ പ്രകടനം അക്രമാസക്തമായി. ഹൈക്കോടതി മധുര ബെഞ്ച് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ മൂന്നു ബസ്സുകള്‍ അഭിഭാഷകര്‍ കത്തിച്ചു. നാഗര്‍കോവില്‍ ജില്ലാ മജിസ്‌ട്രേട്ട് കോടതി വളപ്പിനുള്ളില്‍ കിടന്ന കാര്‍ ചിലര്‍ കത്തിച്ചു. അഭിഭാഷകര്‍ കോടതി ബഹിഷ്‌കരണം നടത്തുന്നതിനിടയിലാണ് കാര്‍ കത്തിക്കല്‍ നടന്നത്.എസ്പ്ലനേഡ് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ മലയാളിയായ വേലായുധന്‍ നായരുടെ ബൊലീറോ ജീപ്പാണ് ചെന്നൈയില്‍ അഭിഭാഷകര്‍ കത്തിച്ചത്. ഫയര്‍‌സ്റ്റേഷനില്‍നിന്നു വാഹനത്തില്‍ പുറത്തേക്കിറങ്ങുകയായിരുന്നു വേലായുധന്‍ നായര്‍. ''എന്റെ വണ്ടിക്കുചുറ്റും അഭിഭാഷകര്‍ ഓടിക്കൂടി. എന്നോട് ഇറങ്ങി ഓടാന്‍ പറഞ്ഞു. പിന്നെ വണ്ടി അടിച്ചുതകര്‍ത്തു. കുറച്ചുകഴിഞ്ഞ് തീകൊളുത്തി. സര്‍ക്കാര്‍ വാഹനമാണെന്നു കരുതിയാണ് എന്റെ വാഹനത്തിനു തീവെച്ചത്'' -വേലായുധന്‍ നായര്‍ 'മാതൃഭൂമി'യോടു പറഞ്ഞു. വേലായുധന്‍ നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.എസ്പ്ലനേഡ് ഫയര്‍‌സ്റ്റേഷന്‍ ഹൈക്കോടതി പോലീസ്‌സ്റ്റേഷനടുത്താണ്. അഭിഭാഷകര്‍ ലോ കോളേജ് കവാടം താഴിട്ടു പൂട്ടിയിരുന്നതിനാല്‍ കോടതിവളപ്പില്‍നിന്ന് മറുവശത്തെ പ്രധാന ഗെയിറ്റില്‍ക്കൂടി പുറത്തേക്കുപോകാന്‍ ശ്രമിക്കുകയായിരുന്നു വേലായുധന്‍ നായര്‍. മെയിന്‍ഗേറ്റിനെ സമീപിക്കുന്നതിനു തൊട്ടുമുന്‍പാണ് ഫയര്‍ ഓഫീസറോടും ഡ്രൈവറോടും ഇറങ്ങിയോടാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നു വണ്ടി തള്ളിക്കൊണ്ടുപോയി തിരക്കേറിയ പാരിസ്‌കോര്‍ണറിലെ മെയിന്‍ റോഡിലെത്തിച്ച് എന്‍എസ്‌സി ബോസ് റോഡിലിട്ടാണ് കത്തിച്ചത്.വ്യാഴാഴ്ച ഹൈക്കോടതി വളപ്പില്‍ അക്രമം നടത്തിയ പോലീസുകാരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ 150 അഭിഭാഷകരെ കസ്റ്റഡിയിലെടുത്തശേഷം പോലീസ് വിട്ടയച്ചിരുന്നു. അവരാണ് വീണ്ടും അക്രമം അഴിച്ചുവിട്ടത്.അഭിഭാഷകര്‍ ഹൈക്കോടതിയുടെ സുരക്ഷാചുമതല നിര്‍വഹിച്ചിരുന്ന പോലീസുകാരെ കല്ലെറിഞ്ഞുതുരത്തി. ലോ കോളേജ് ഭാഗത്തുള്ള പ്രവേശന കവാടം കടന്ന് പഴയതാഴ് മാറ്റി പുതിയ താഴിട്ട് ഗേറ്റുപൂട്ടി. ഹൈക്കോടതി വളപ്പിലെത്തിയ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം തീയിട്ട ബി - നാല് പോലീസ് സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ത്തശേഷം വീണ്ടും തീയിട്ടു. കോടതി വളപ്പിലെ ഒരു മരത്തിനും തീവെച്ചു. അഗ്നിശമനസേനയുടെ ഒരു വാഹനം ഹൈക്കോടതി വളപ്പിനുള്ളില്‍ക്കടന്നെങ്കിലും അഭിഭാഷകരുടെ കല്ലേറില്‍ അവര്‍ക്ക് തീയിട്ട സ്ഥലങ്ങളിലേക്കെത്താനായില്ല. ഇത്തവണ എസ്പ്ലനേഡ് ലോ കോളേജ് പോലീസ് സ്റ്റേഷന്‍ പരിസരത്തു ക്യാമ്പ് ചെയ്താണ് അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടത്.വ്യാഴാഴ്ച ഹൈക്കോടതി വളപ്പില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ ചെന്നൈ സിറ്റി പോലീസ് 100 അഭിഭാഷകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കി. ഈ കേസുകള്‍ സംബന്ധിച്ച ഫയല്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.ക്ക് പോലീസ് കൈമാറും.


No comments: