Saturday, February 21, 2009

കല്‍ക്കിയുടെ അരങ്ങേറ്റം


അഞ്ചു വര്‍ഷം മുമ്പ് പ്രചരിച്ച എം. എം.എസ്സി.ല്‍ നിന്നാണ് അനുരാഗ് കാശ്യപിന്റെ 'ഡേവ്. ഡി'യുടെ പിറവി. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠിയുടെ അശ്ലീല ചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ആ സംഭവത്തിനു ശേഷം പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചു? അതാണ് 'ഡേവ്. ഡി' പറയുന്നത്. നിര്‍ഭാഗ്യയായ ആ പെണ്‍കുട്ടിയായി തിരശ്ശീലയിലെത്തുന്നത് പുതുമുഖം കല്‍ക്കി കൊയെഷ്‌ലിനാണ്. പുതുച്ചേരി സ്വദേശിയാണ് കല്‍ക്കി. മുപ്പത്തിയെട്ടു വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ നിന്ന് ഹിപ്പികളായി ഇന്ത്യയിലെത്തി പുതുച്ചേരിയില്‍ താമസമാക്കിയവരാണ് കല്‍ക്കിയുടെ അച്ഛനമ്മമാര്‍; അരബിന്ദോ ഭക്തര്‍. ഊട്ടിയില്‍ സ്‌കൂള്‍വിദ്യാഭ്യാസവും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് നാടകാഭിനയത്തില്‍ ബിരുദവും നേടി, തിയേറ്റര്‍ ഓഫ് റിലേറ്റിവിറ്റി എന്ന നാടക കമ്പനിയില്‍ രണ്ടു വര്‍ഷം അഭിനയവും നടത്തിയ ശേഷമാണ് കല്‍ക്കി ബോളിവുഡിലെത്തുന്നത്. മുംബൈയിലെത്തി ഇന്ത്യന്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ് കല്‍ക്കി എത്തിയത്. അതിനു മുന്നോടിയായി പരസ്യങ്ങളില്‍ മുഖം കാണിച്ചു. ഒടുവില്‍ ആഗ്രഹിച്ചതു നേടി. 'ഡേവ്. ഡി'യിലെ ചന്ദ്രമുഖിയിലൂടെ നടിയായി. നിഷ്‌കളങ്കയായ ലെന്നി എന്ന പെണ്‍കുട്ടിയില്‍ നിന്ന് ചന്ദ്രമുഖി എന്ന വേശ്യയിലേക്കുള്ള വളര്‍ച്ച സമര്‍ഥമായാണ് കല്‍ക്കി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് നിരൂപകരുടെ അഭിപ്രായം.


No comments: