Sunday, February 22, 2009

ബന്നൂര്‍മഠിനെ കേരള ചീഫ് ജസ്റ്റിസായി നിയമിച്ചു; കോശി ബിഹാറിലേക്ക്‌


കൊച്ചി: ബിഹാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജെ.ബി. കോശിയെയും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.ആര്‍. ബന്നൂര്‍മഠിനെയും രാഷ്ട്രപതി നിയമിച്ചു. നിയമന ഉത്തരവുകള്‍ രണ്ട് സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ക്ക് കേന്ദ്ര നിയമമന്ത്രാലയം ഉടനെ ലഭ്യമാക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നിന്നും ജസ്റ്റിസ് കോശിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.ജെ.ബി. കോശി ഇപ്പോള്‍ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസും എസ്.ആര്‍. ബന്നൂര്‍മഠ് കര്‍ണാടക ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയുമാണ്.ഇരുവരുടെയും നിയമനത്തിന് സുപ്രീംകോടതി ഉന്നതതല സമിതി രണ്ടര മാസംമുമ്പ് അനുമതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ നീണ്ടുപോയി. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി പ്രധാനമന്ത്രി വിശ്രമിച്ചിരുന്നതിനാല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രമാണ് ബന്ധപ്പെട്ട ഫയലുകളില്‍ ഒപ്പ് വച്ച് കേന്ദ്ര നിയമമന്ത്രാലയം വഴി രാഷ്ട്രപതിക്ക് നല്‍കിയത്. വെള്ളിയാഴ്ച രാത്രി രാഷ്ട്രപതി നിയമനത്തിന് അംഗീകാരം നല്‍കി ഫയലില്‍ ഒപ്പുവച്ചു.ബിഹാര്‍ ചീഫ് ജസ്റ്റിസാകുന്ന ജെ.ബി. കോശിക്ക് ല്ക്കസ്വമായ ഔദ്യോഗിക കാലാവധി മാത്രമേ ലഭിക്കൂ. ഈയിടെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം 'മാതൃഭൂമി' യോട് നര്‍മരസത്തില്‍ പറഞ്ഞു. 'ബിഹാറിലേക്ക് പോകാന്‍ തിരക്കില്ല, കാരണം ഈ വര്‍ഷം മെയ് 15 ന് താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കും''. കേരള ചീഫ് ജസ്റ്റിസാകുന്ന ബന്നൂര്‍മഠ് അടുത്ത വര്‍ഷം ജനവരി 23 ന് വിരമിക്കും.1997 ലാണ് ഇരുവരും ഹൈക്കോടതി ജഡ്ജിമാരായത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനോടൊപ്പമാണ് എറണാകുളം ലോ കോളേജില്‍ എല്‍.എല്‍.എം. ക്ലാസില്‍ ജസ്റ്റിസ് കോശി പഠിച്ചത്. ബിഹാര്‍ ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം. മുന്‍ കേരള ചീഫ് ജസ്റ്റിസ് വി.എസ്. മളീമഠിന്റെ അടുത്ത ബന്ധുവാണ് ജസ്റ്റിസ് ബന്നൂര്‍മഠ്.ജി. ഷഹീദ്‌


No comments: