Saturday, February 21, 2009

'സ്മാര്‍ട്ട്‌സിറ്റി'ക്ക് ബജറ്റിലും അവഗണന


കൊച്ചി: സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികളെല്ലാം എണ്ണിപ്പറയുന്ന ബജറ്റിലും 'സ്മാര്‍ട്ട്‌സിറ്റി'ക്ക് അവഗണന. പദ്ധതിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശംപോലുമില്ല. അതേസമയം സംസ്ഥാനസര്‍ക്കാരിന്റെ പങ്കാളിത്തമില്ലാത്ത പദ്ധതികളെക്കുറിച്ചുപോലും ബജറ്റില്‍ പരാമര്‍ശമുണ്ട്. റിഫൈനറീസ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, റെയില്‍വേ തുടങ്ങിയവവഴി പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിന് വഴിതുറക്കുമെന്നു പറയുന്ന ബജറ്റില്‍ കേന്ദ്രപദ്ധതികളായ വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിനെയും എല്‍എന്‍ജി ടെര്‍മിനലിനെയും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിന്റെ നിര്‍മാണം നടന്നുവരുന്നുവെന്നു പറയുന്നതിനൊപ്പം കൊച്ചി മെട്രോ 2010ല്‍ തുടക്കം കുറിക്കുമെന്നും പറയുന്നു. സംസ്ഥാന സര്‍ക്കാരിനുകൂടി പങ്കാളിത്തമുള്ള പദ്ധതിയാണ് സ്മാര്‍ട്ട്‌സിറ്റി. നിര്‍മാണം തുടങ്ങാവുന്ന ഘട്ടത്തിലെത്തിനില്‍ക്കുന്ന ഈ വന്‍പദ്ധതിയെക്കുറിച്ച് പരാമര്‍ശംപോലുമില്ലാത്തത് 'സ്മാര്‍ട്ട്‌സിറ്റി'യോട് സര്‍ക്കാരിലെ ഒരുവിഭാഗത്തിനുള്ള താത്പര്യമില്ലായ്മയാണ് കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള പത്ത് ഐടി പാര്‍ക്കുകളുടെ വികസനത്തെക്കുറിച്ച് ബജറ്റില്‍ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഐടി മിഷന്റെ പരിപാടികള്‍ക്കുള്ള സഹകരണവും സ്വതന്ത്ര സോഫ്റ്റ്‌വെയറിനുള്ള ഫണ്ടുമെല്ലാം ബജറ്റ് വാഗ്ദാനംചെയ്യുന്നു.


No comments: