Saturday, February 21, 2009

പത്മവ്യൂഹത്തിലും തകരാതെ


ഇംഗ്ലണ്ട്-വിന്‍ഡീസ് മൂന്നാം ടെസ്റ്റ് സമനിലയില്‍ സര്‍വന്‍ 'മാന്‍ ഓഫ് ദ മാച്ച്'സെന്റ് ജോണ്‍സ്: ആന്റിഗ്വ റിക്രിയേഷന്‍ മൈതാനത്ത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ജയംപോലൊരു സമനില. അവസാന വിക്കറ്റില്‍ ഫിഡല്‍ എഡ്വേര്‍ഡ്‌സും ഡാരന്‍ പവലും നടത്തിയ ചെറുത്തുനില്‍പ്പിനുമുന്നില്‍ അടിയറവ് പറഞ്ഞ് ഇംഗ്ലണ്ട് സമനിലയുടെ കയ്പുനീര്‍ കുടിച്ചു. ജയിക്കാന്‍ 503 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സ് എന്ന നിലയില്‍ മത്സരമവസാനിപ്പിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട്: ഒമ്പതിന് 566, എട്ടിന് 221. വെസ്റ്റിന്‍ഡീസ്: 285, ഒമ്പതിന് 370. ജയമുറപ്പാക്കി കളിച്ച ഇംഗ്ലണ്ടിനെ നിരാശരാക്കിയാണ് പവല്‍(22) എഡ്വേര്‍ഡ്‌സ് (5) സഖ്യം പൊരുതി നിന്നത്. വെളിച്ചക്കുറവുമൂലം ബാറ്റിങ് ദുഷ്‌കരമായ അവസാന മണിക്കൂറിലെ 36 മിനിറ്റും ഈ കൂട്ടുകെട്ടിന് അതിജീവിക്കേണ്ടിവന്നു. സ്റ്റ്യുവര്‍ട്ട് ബ്രോഡും ഗ്രേയം സ്വാനും എറിഞ്ഞ അവസാന പത്ത് ഓവറുകളില്‍, പത്ത് ഇംഗ്ലണ്ടുകാരും ക്രീസിനുചുറ്റും പന്തിനായി കൈകള്‍ വിടര്‍ത്തിനിന്നിട്ടും കരീബിയന്‍ മനഃസാന്നിദ്ധ്യം തകര്‍ന്നില്ല. അവസാന പന്തും എറിഞ്ഞുകഴിഞ്ഞപ്പോള്‍, ജേതാവിനെപ്പോലെ മുഷ്ടിചുരുട്ടി ആവേശം പ്രകടിപ്പിച്ചാണ് ഡാരന്‍ പവല്‍ മടങ്ങിയത്. ആന്‍ഡ്രു സ്‌ട്രോസും മറ്റ് ഇംഗ്ലീഷുകാരും തോറ്റവരെപ്പോലെയും.മൂന്നുവര്‍ഷം മുമ്പ് ഇതേ മൈതാനത്ത് ഇന്ത്യയെ സമനിലക്കഷായം കുടിപ്പിച്ച പരിചയസമ്പത്തിലാണ് ഫിഡല്‍ എഡ്വേര്‍ഡ്‌സ് ബാറ്റേന്തിയത്. അന്ന് ജയിക്കാന്‍ 392 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസ് കളിയവസാനിപ്പിച്ചത് ഒമ്പതിന് 298 എന്ന നിലയ്ക്കാണ്. 36 പന്തുകളില്‍ ഒരു റണ്ണുമായി വിക്കറ്റ് കാത്ത എഡ്വേര്‍ഡ്‌സായിരുന്നു അന്നും സന്ദര്‍ശകരുടെ വില്ലന്‍. സമനിലയേക്കാള്‍, ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്‍േറാഫിന്റെ പരിക്കാണ് ശേഷിച്ച രണ്ട് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന് തലവേദനയായിരിക്കുന്നത്. ഇടുപ്പിന് പരിക്കേറ്റ ഫ്‌ളിന്‍േറാഫ് വേദനയ്ക്കിടയിലും ഇടയ്ക്കിടെ എറിയാനെത്തിയത് ഇംഗ്ലീഷ് ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു. എന്നാല്‍, മത്സരശേഷം സ്‌കാനിങ്ങിന് വിധേയനായ ഫ്‌ളിന്‍േറാഫിന് അവശേഷിച്ച മത്സരങ്ങള്‍ നഷ്ടമാകാനാണിട. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ വൈകിയതാണ് വിജയം നഷ്ടപ്പെടുത്തിയതെന്ന ചര്‍ച്ചയും സജീവമായിക്കഴിഞ്ഞു. ആന്‍ഡ്രു സ്‌ട്രോസിന്റെ നായകപാടവത്തെ സംശയിക്കുന്നവര്‍ക്ക് അടിക്കാന്‍ കിട്ടിയ വടിയാണ് ഈ സമനില. നേരത്തെ, രാം നരേഷ് സര്‍വന്റെയും (106) ശിവ്‌നാരായണ്‍ ചന്ദര്‍പോളിന്റെയും (55) കൂട്ടുകെട്ടില്‍ നാലാം വിക്കറ്റില്‍ പിറന്ന 148 റണ്‍സാണ് വിന്‍ഡീസിനെ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ തുണച്ചത്. മഴമൂലം ആദ്യ ഒന്നരമണിക്കൂര്‍ നഷ്ടപ്പെട്ട അഞ്ചാം ദിനം ആദ്യ 36 ഓവറുകള്‍ ഇവര്‍ പിടിച്ചുനിന്നതോടെ വിന്‍ഡീസ് നിരയുടെ ആത്മവിശ്വാസം ഉയര്‍ന്നെന്ന് പിന്നീടുവന്നവരുടെ പ്രകടനങ്ങള്‍ തെളിയിച്ചു. ഇവരുടെ കൂട്ടുകെട്ടില്‍ 2003ല്‍ ഇതേ ഗ്രൗണ്ടില്‍ വെസ്റ്റിന്‍ഡീസ് ഓസ്‌ട്രേലിയയെ പിന്തുടര്‍ന്ന് തോല്‍പിച്ചിട്ടുണ്ട്. 418 റണ്‍സിന്റെ റെക്കോഡ് പിന്തുടരലാണ് അന്ന് വിന്‍ഡീസ് നടത്തിയത്. അതേ ഓര്‍മകളാണ് സര്‍വനും ചന്ദര്‍പോളും ക്രീസില്‍നിന്നപ്പോള്‍ ആരാധകര്‍ക്കുണ്ടായത്. ആദ്യ ഇന്നിങ്‌സിലെ 94 റണ്‍സ് പ്രകടനത്തിനുപിന്നാലെ സെഞ്ച്വറിത്തിളക്കം കൂടിയായതോടെ സര്‍വന്‍ കളിയിലെ കേമനായി. വാലറ്റത്തിന്റെ മനസ്സാന്നിദ്ധ്യമാണ് വിന്‍ഡീസിന് സമനില സമ്മാനിച്ചത്. ബ്രെണ്ടന്‍ നാഷ് (23), ദിനേഷ് രാംദിന്‍ (21), ജെറോം ടെയ്‌ലര്‍ (11), സുലൈമാന്‍ ബെന്‍ (21) എന്നിവരും ശ്രദ്ധേയമായ ചെറുത്തുനില്‍പ്പുകള്‍ നടത്തി. ഇംഗ്ലീഷ് നിരയില്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡും ഗ്രേയം സ്വാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.


No comments: