Sunday, February 22, 2009

മദ്രാസ് ഹൈക്കോടതിയിലെ സംഘര്‍ഷം: സുപ്രീംകോടതി ഇടപെടുന്നു


ചെന്നൈ: മദ്രാസ് ഹൈക്കോടതിയില്‍ തുടര്‍ച്ചയായി നടക്കുന്ന അനിഷ്ടസംഭവങ്ങളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഇടപെട്ടു. മദ്രാസ് ഹൈക്കോടതിയില്‍ നടക്കുന്ന സംഭവങ്ങള്‍ ഗൗരവമേറിയതാണെന്നും പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും ചീഫ് ജസ്റ്റിസ് തമിഴ്‌നാട് സര്‍ക്കാറിനോടും മദ്രാസ് ഹൈക്കോടതിയോടും ആവശ്യപ്പെട്ടു.തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.ജെ. മുഖോപാധ്യായ ഫുള്‍കോര്‍ട്ട് യോഗം വിളിച്ചുചേര്‍ത്ത് സാഹചര്യങ്ങള്‍ വിലയിരുത്തി. ഫുള്‍കോര്‍ട്ട് യോഗത്തിനുശേഷം ഹൈക്കോടതി ഫസ്റ്റ്‌ബെഞ്ചിന്റെ യോഗം ചീഫ്ജസ്റ്റിസിന്റെ വസതിയിലും ചേര്‍ന്നു.മദ്രാസ് ഹൈക്കോടതിയിലെ അക്രമങ്ങളില്‍ സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയായാല്‍ പോലീസെന്നോ അഭിഭാഷകരെന്നോ നോക്കാതെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം. കരുണാനിധി വ്യക്തമാക്കി.ഫിബ്രവരി 23, 24 തീയതികളില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ കോടതികള്‍ക്കും ഹൈക്കോടതി ഫുള്‍ബെഞ്ച് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റുകോടതികളിലേക്ക് സംഘര്‍ഷം പടരാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയിലാണിത്. പൊതുമുതല്‍ നശിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് സംസ്ഥാനത്തു നിലനില്‍ക്കുന്നുണ്ട്.ഫിബ്രവരി 19ന് മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്കെതിരെ പോലീസ് നടപടിക്കു നേതൃത്വം നല്‍കിയ നോര്‍ത്ത് ജോയന്റ് കമ്മീഷണര്‍ എം. രാമസുബ്രഹ്മണിയെ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലംമാറ്റി. പകരം റെയില്‍വേ ഡി.ഐ.ജി. എസ്.എന്‍. ശേഷസായിയെ തത്സ്ഥാനത്ത് നിയമിച്ചിട്ടുണ്ട്.മദ്രാസ് ഹൈക്കോടതിയില്‍ കയറി അഭിഭാഷകരെ മര്‍ദിച്ച ഉയര്‍ന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുംവരെ ഫിബ്രവരി 23 മുതല്‍ അനിശ്ചിതകാലത്തേക്ക് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ശനിയാഴ്ച വ്യക്തമാക്കി.


No comments: