Sunday, February 22, 2009

കൊച്ചിയിലും തിരുവനന്തപുരത്തും 350 ആധുനിക ബസ്സുകള്‍ക്ക് കേന്ദ്രസഹായം


ന്യൂഡല്‍ഹി: കൊച്ചിയിലും തിരുവനന്തപുരത്തും ആധുനിക ബസ്സുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രനഗരവികസന മന്ത്രാലയം ശനിയാഴ്ച അനുമതി നല്‍കി. കൊച്ചിയില്‍ ഇരുനൂറും തിരുവനന്തപുരത്ത് നൂറ്റിഅമ്പതും ബസ്സുകള്‍ വാങ്ങാനാണ് സഹായം നല്‍കുക. മൊത്തം 140 കോടി രൂപയുടെതാണ് പദ്ധതി. ഇതിന്റെ 60 ശതമാനത്തോളം കേന്ദ്രം വഹിക്കും. തിരുവനന്തപുരത്തേക്കുള്ള ബസ്സുകളുടെ 80 ശതമാനം ചെലവും കൊച്ചിയിലേക്കുള്ള ബസ്സുകളുടെ 50 ശതമാനം ചെലവും കേന്ദ്രം നല്‍കുമെന്ന്്് നഗരവികസന സെക്രട്ടറി ഡോ.എം.രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്രസഹായത്തിന്റെ പകുതി ആദ്യഘട്ടത്തില്‍ തന്നെ വിതരണം ചെയ്യും. മാര്‍ച്ചില്‍ തന്നെ ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്കും. ജൂണോടെ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ രണ്ടു നഗരങ്ങളിലെയും ഗതാഗതസൗകര്യങ്ങള്‍ക്കുവേണ്ടി പുതിയൊരു കമ്പനി രൂപവത്കരിക്കും. കെ.എസ്.ആര്‍.ടി.സി.,തിരുവനന്തപുരം,കൊച്ചി കോര്‍പ്പറേഷനുകള്‍,കേന്ദ്ര നഗരവികസന വകുപ്പ് എന്നിവയുള്‍പ്പെടുന്നതായിരിക്കും ഈ കമ്പനി അര്‍ബന്‍ മാസ് ട്രാന്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാകും പ്രവര്‍ത്തിക്കുക.കൊച്ചിയില്‍ 120 സെമി ഫേ്‌ളാര്‍ ബസ്സുകളും 50 ലോ ഫേ്‌ളാര്‍ എ.സി.ബസ്സുകളും 30 മിനി ബസ്സുകളുമാണ് പുതുതായി റോഡിലിറക്കുക. തിരുവനന്തപുരത്ത് 120 സാധാരണ ബസ്സുകളും 30 ലോ ഫേ്‌ളാര്‍ എ.സി.ബസ്സുകളും ഓടിക്കും. രണ്ടിടത്തും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്് നഗരവികസന മന്ത്രാലയം ചില നിര്‍ദേശങ്ങള്‍ നേരത്തേ നല്‍കിയിട്ടുണ്ട്്്. അത് കര്‍ശനമായി നടപ്പാക്കുമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്രം സഹായം നല്‍കുക. കൊച്ചിയില്‍ ഇപ്പോള്‍ ഒരു ബസ് ഡിപ്പോ മാത്രമേയുള്ളൂ. കൂടുതല്‍ ഡിപ്പോ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്കണം.വിവിധ സംസ്ഥാനങ്ങളിലെ 29 നഗരങ്ങളില്‍ 11,800 ബസ്സുകള്‍ വാങ്ങാന്‍ കേന്ദ്രമന്ത്രാലയം ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായിട്ടാണ് ബസ്സുകള്‍ വാങ്ങാന്‍ കേന്ദ്രസഹായം നല്‍കുന്നത്. സാമ്പത്തിക പാക്കേജില്‍ ഉള്‍പ്പെടുത്തി മൊത്തം 15,000 ബസ്സുകള്‍ വാങ്ങും.


No comments: