Sunday, February 22, 2009

കൊളംബോ ആക്രമിച്ചത് കരിമ്പുലികള്‍; ദൗത്യം വിജയമെന്ന് എല്‍.ടി.ടി.ഇ.


കൊളംബോ: ശ്രീലങ്കന്‍സൈന്യത്തെ ഞെട്ടിച്ച് വെള്ളിയാഴ്ച രാത്രി കൊളംബോയില്‍ വ്യോമാക്രമണം നടത്തിയത് തങ്ങളുടെ ചാവേര്‍ വിഭാഗമായ കരിമ്പുലികളായിരുന്നെന്ന് എല്‍.ടി.ടി.ഇ. അറിയിച്ചു. ദൗത്യം വിജയിച്ചെന്നും വിമാനങ്ങള്‍ വെടിവെച്ചിട്ടൂവെന്ന സൈന്യത്തിന്റെ അവകാശവാദം ശരിയല്ലെന്നും പുലികളെ അനുകൂലിക്കുന്ന തമിഴ് നെറ്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സേ്ഫാടകവസ്തുക്കളും വഹിച്ച് കൊളംബോയിലെ വ്യോമസേനാകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നാണ് ശ്രീലങ്കന്‍ സൈന്യം പറയുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചെന്നും 51 പേര്‍ക്ക് പരിക്കേറ്റെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. രണ്ടു വിമാനത്തിന്റെയും പൈലറ്റുമാരും മരിച്ചു. എന്നാല്‍ ശ്രീലങ്കന്‍ തലസ്ഥാനത്ത് സേ്ഫാടകവസ്തുക്കളുമായി വിമാനങ്ങള്‍ ഇടിച്ചിറക്കുകയെന്ന ദൗത്യത്തില്‍ രണ്ടു കരിമ്പുലികളും വിജയിച്ചതായും മടങ്ങിവരാനുദ്ദേശിച്ചല്ല അവര്‍ പുറപ്പെട്ടതെന്നും എല്‍.ടി.ടി.ഇ. അറിയിച്ചു. സൈന്യത്തിന്റെ പ്രതിരോധകേന്ദ്രങ്ങളില്‍ കനത്ത ആഘാതമേല്പിച്ച കരിമ്പുലികളെ വെടിവെച്ചിടാന്‍ സൈന്യത്തിനു കഴിഞ്ഞിട്ടില്ലെന്ന് തമിഴ് നെറ്റ് പറയുന്നു. ചാവേര്‍ വിമാനങ്ങളിലുണ്ടായിരുന്ന കരിമ്പുലി പൈലറ്റുമാര്‍ ദൗത്യത്തിനിറങ്ങുംമുമ്പ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനൊപ്പം നില്‍ക്കുന്ന ചിത്രവും തമിഴ്‌നെറ്റ് പുറത്തുവിട്ടിട്ടുണ്ട്. കേണല്‍ രൂപന്‍, ലഫ്. കേണല്‍ സിരിത്തിരന്‍ എന്നിവരാണ് പ്രഭാകരനൊപ്പം ചിത്രത്തിലുള്ളതെന്ന് സൈറ്റ് പറയുന്നു. ഇപ്പോള്‍ എല്‍.ടി.ടി.ഇ.യുടെ കൈവശമുള്ള പുതുകുടിയിരിപ്പ് മേഖലയില്‍നിന്ന് പുറപ്പെട്ടതെന്നു കരുതുന്ന ചാവേര്‍വിമാനങ്ങള്‍ റഡാറുകളുടെ കണ്ണുവെട്ടിച്ച് മാങ്കുളംവഴി കൊളംബോയിലെത്തുകയായിരുന്നെന്നാണ് കരുതുന്നത്. ആദ്യവിമാനം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത്‌വയലിലാണ് വീണത്. സൈന്യത്തിന്റെ കണ്ണുവെട്ടിച്ചു കുതിച്ച രണ്ടാമത്തെ വിമാനം റവന്യു ഓഫീസ് കെട്ടിടത്തിനടുത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൈലറ്റിന്‍േറതെന്നു കരുതുന്ന ശരീരാവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനമിടിച്ച റവന്യു ഓഫീസ് കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പുലികളുടെ അവസാന പട്ടണവും ഉടന്‍ വീഴുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് ശേഷമുണ്ടായ വ്യോമാക്രമണം സൈന്യത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പ്രത്യേക കാഴ്ചാസംവിധാനങ്ങളോ ഉപകരണങ്ങളോ വെളിച്ചമോ ഇല്ലാതെയായിരുന്നു പുലികളുടെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


No comments: