Sunday, February 22, 2009

നക്ഷത്രരാവില്‍ പ്രതിഭകള്‍ക്ക് ആദരം


തിരുവനന്തപുരം: വിണ്ണിലെ താരങ്ങള്‍ മണ്ണിലിറങ്ങിയ രാവില്‍ അപൂര്‍വ്വസുന്ദരമായ കലാവിരുന്നിന് മലയാളനാടിന്റെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു. ആട്ടവും പാട്ടും ചിരിമരുന്നുമൊക്കെ യഥേഷ്ടം വിളമ്പിയപ്പോള്‍ ആസ്വാദകര്‍ക്ക് നിറവയര്‍ സദ്യ ആസ്വദിച്ച പ്രതീതി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ഐഡിയ-മാതൃഭൂമി-അമൃത ചലച്ചിത്ര അവാര്‍ഡ് നിശയാണ് അനന്തപുരി നിവാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്നത്. അനശ്വരങ്ങളായ ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ ആയുഷ്‌കാല സംഭാവനയുടെ പേരില്‍ ചലച്ചിത്ര സപര്യ പുരസ്‌കാരത്തിനര്‍ഹയായ മലയാളത്തിന്റെ അമ്മ സുകുമാരിയാണ് ആദ്യം വേദിയിലെത്തിയത്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, അമൃത ടിവി സി.ഇ.ഒ. സുധാകര്‍ ജയറാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തിലകന്‍ പുരസ്‌കാരം സുകുമാരിക്കു സമര്‍പ്പിച്ചു.'ആകാശഗോപുരം', 'പകല്‍നക്ഷത്രങ്ങള്‍', 'കരുക്ഷേത്ര' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയചാരുത പ്രകടമാക്കിയ മോഹന്‍ലാല്‍ മികച്ച നടനായപ്പോള്‍ 'തിരക്കഥ'യിലെ മാളവികയിലൂടെ പ്രിയാമണി മികച്ച നടിയായി. മമ്മൂട്ടി എക്‌സലന്‍സ് ഇന്‍ ആക്ടിങ് പുരസ്‌കാരത്തിനര്‍ഹനായി. അന്യഭാഷാ ചിത്രങ്ങളിലേക്കു ചേക്കേറിയ മലയാളി പ്രേക്ഷകരെ 'തിരക്കഥ'യിലൂടെ തിരികെയെത്തിച്ച രഞ്ജിത്താണ് മികച്ച സംവിധായകന്‍.ജയറാം (ജനപ്രിയ നടന്‍) ഗോപിക (ജനപ്രിയ നടി), മേജര്‍ രവി, സന്തോഷ് ദാമോദര്‍ (ദേശീയോദ്ഗ്രഥന ചിത്രം), താരജോഡികളായ ഇന്ദ്രജിത്തിനും സംവൃതയ്ക്കുമായി സംവൃതാസുനില്‍, ജയസൂര്യ (സഹനടന്‍), റോമ (സഹനടി), ബേബി നിരഞ്ജന (ബാലതാരം), സിദ്ദിഖ് (വില്ലന്‍), ശ്രീനിവാസന്‍ (ബഹുമുഖ പ്രതിഭ), മികച്ച പ്രതീക്ഷകളായ മീരാനന്ദന്‍, വിനീതിനുവേണ്ടി അമ്മ വിമലാ ശ്രീനിവാസന്‍, യൂത്ത് ഐക്കണായ പൃഥ്വിരാജിനുവേണ്ടി അമ്മ മല്ലികാസുകുമാരന്‍, ജോഷി, ദിലീപ്, സിബി-ഉദയ്കൃഷ്ണ (ഹിറ്റ്‌മേക്കേഴ്‌സ് ഓഫ് ദ ഇയര്‍), ബാബു ജനാര്‍ദ്ദനന്‍ (തിരക്കഥാകൃത്ത്), ദേബ്‌ജ്യോതി മിശ്ര (സംഗീതസംവിധായകന്‍), കെ.എസ്.ചിത്ര (ഗായിക), വിജയ് യേശുദാസ് (ഗായകന്‍), റഫീഖ് അഹമ്മദ് (ഗാനരചയിതാവ്), സന്തോഷ് തുണ്ടിയില്‍ (ഛായാഗ്രാഹകന്‍), ഡോണ്‍ മാക്‌സ് (ചിത്രസംയോജകന്‍), ഗൗതം (വസ്ത്രാലങ്കാരം), ശ്രീജിത്ത് ഗുരുവായൂര്‍ (മേക്കപ്പ്മാന്‍), ഗോകുല്‍ദാസ് (കലാസംവിധായകന്‍) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.'സുബ്രഹ്മണ്യപുരം' എന്ന ചിത്രം അണിയിച്ചൊരുക്കിയ ശശികുമാര്‍ എന്ന തമിഴനാണ് മലയാള സിനിമാ അവാര്‍ഡ് ദാനച്ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായത്. പാത്ത്‌ബ്രേക്കിങ് മൂവി ഓഫ് ദ ഇയര്‍ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി.ബോളിവുഡിന്റെ രോമാഞ്ചം സോനു നിഗം തന്റെ സ്വരമാധുരിയാല്‍ ആസ്വാദകരെ ഉന്മാദാവസ്ഥയിലെത്തിച്ചു. ജ്യോതിര്‍മയി, റോമ, മല്ലിക കപൂര്‍, മുക്ത, ഷംന കാസിം, വിനീത്കുമാര്‍ തുടങ്ങിയവര്‍ വേദിയില്‍ ചടുലതാളങ്ങള്‍ക്കൊത്ത് ചുവടുവെച്ചു. കെ.എസ്.ചിത്ര, വിജയ് യേശുദാസ്, മഞ്ജരി, അഫ്‌സല്‍, ജ്യോത്സ്‌ന തുടങ്ങിയവര്‍ നക്ഷത്രരാവിന് ശ്രുതി പകര്‍ന്നു. രമേഷ് പിഷാരടിയും സംഘവും ചിരിയുടെ വെടിക്കോപ്പുകള്‍ പൊട്ടിച്ചു. ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ മണിക്കൂറുകള്‍ നീണ്ട കലാവിരുന്നിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.


No comments: