Sunday, February 22, 2009

പവന് 11,640 രൂപ


കൊച്ചി: ന്യൂയോര്‍ക്ക് മര്‍ക്കന്‍ൈറല്‍ എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1000 ഡോളര്‍ ഭേദിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ പവന്‍ വില ഉയര്‍ന്നു. ശനിയാഴ്ച 160 രൂപ വര്‍ധിച്ച് 11,640 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 1455 രൂപയായി. തങ്കത്തിന് 1575 രൂപയിലേക്ക് കുതിച്ചു. അതേസമയം അവധി വ്യാപാരത്തില്‍ തങ്കം 10 ഗ്രാമിന് 16349 രൂപ വരെ ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച സ്വര്‍ണവില ട്രോയ് ഔണ്‍സിന് ഒരുഘട്ടത്തില്‍ 1006.30 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. പിന്നീട് 994 ഡോളറിലായിരുന്നു ക്ലോസിങ്. അമേരിക്കയില്‍ ബാങ്കുകള്‍ ദേശസാത്ക്കരിക്കുമെന്ന ഭീതിയെത്തുടര്‍ന്ന് ഡൗജോണ്‍സ് സൂചിക വീണ്ടും 100 പോയന്റ് ഇടിഞ്ഞിരിക്കുകയാണ്. സൂചിക ആറുവര്‍ഷത്തെ താഴ്ചയിലെത്തിയ സാഹചര്യത്തിലാണ് സ്വര്‍ണത്തിന് വീണ്ടും പ്രിയമേറിയത്. ഡൗജോണ്‍സ് ഒരവസരത്തില്‍ 7226.29 വരെ ഇടിഞ്ഞ ശേഷമാണ് 7365.67ല്‍ ക്ലോസ് ചെയ്തത്. 2002 ഒക്‌ടോബര്‍ ഒമ്പതിനുശേഷം ഇതാദ്യമായാണ് ഡൗജോണ്‍സ് ഇത്രയും താഴുന്നത്. ഇറാഖ് യുദ്ധകാലത്തെ 7200ലേക്ക് വിപണി താഴുമെന്നാണ് ഭീതി. 2007 നവംബറില്‍ 14,164.53ലെത്തിയശേഷം ഡൗജോണ്‍സിനുണ്ടായ പതനത്തില്‍ 48 ശതമാനമാണ് നഷ്ടമായത്.


No comments: