Wednesday, March 04, 2009

ആര്‍.എസ്.പി.ക്ക് സീറ്റില്ല; കോഴിക്കോട് തീരുമാനമായില്ല പൊന്നാനിയില്‍ പൊതുസ്വതന്ത്രന്‍ സി.പി.ഐ.യ്ക്ക് എതിര്‍പ്പ്‌


തിരുവനന്തപുരം: ചര്‍ച്ചയിലും പൊതുവേദിയിലും സി.പി.ഐ. പ്രകടിപ്പിച്ച കടുത്ത എതിര്‍പ്പ് അവഗണിച്ച് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സി.പി.എം. തീരുമാനിച്ചു. സി.പി.ഐ. മത്സരിച്ചുവന്ന പൊന്നാനിയില്‍ ഇക്കുറി ഇടതുമുന്നണിയുടെ പൊതുസ്വതന്ത്രനായിരിക്കും മത്സരിക്കുകയെന്ന് മുന്നണിയോഗത്തിനുശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതോടെ ഇടതുമുന്നണിയിലെ സീറ്റുവിഭജനം കൂടുതല്‍ സങ്കീര്‍ണമായി. സീറ്റിനുവേണ്ടി അവസാനംവരെ പോരാടിയെങ്കിലും ആര്‍.എസ്.പി.ക്ക് സീറ്റ് ലഭിച്ചില്ല. ജനതാദളിന്റെ സീറ്റ് കാര്യത്തില്‍ തീരുമാനമായില്ല. കോഴിക്കോട്, വയനാട് മണ്ഡലങ്ങള്‍ സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിലേ ഉണ്ടാകൂ. രാവിലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍തന്നെ പൊന്നാനി സീറ്റില്‍ പൊതുസ്വതന്ത്രനെ നിര്‍ത്തണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് യോഗം ഉച്ചയ്ക്കുശേഷം വീണ്ടും ചേര്‍ന്നു. സി.പി.എം. പൊതുസ്വതന്ത്രനെന്ന നിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ തയ്യാറായില്ല. സി.പി.ഐ. സീറ്റ് വിട്ടുകൊടുക്കാനും തയ്യാറായിരുന്നില്ല. തിരുമാനമാകാതെയാണ് യോഗം പിരിഞ്ഞതെങ്കിലും തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പൊന്നാനിയില്‍ പൊതുസ്വതന്ത്രനായിരിക്കുമെന്ന് സംശയത്തിനിട നല്‍കാതെ വ്യക്തമാക്കി. പൊന്നാനിയില്‍ സ്വതന്ത്രനാകാമെന്നും എന്നാല്‍ സ്ഥാനാര്‍ഥിയെ തങ്ങളായിരിക്കും തീരുമാനിക്കുകയെന്നുമുള്ള നിലപാടാണ് സി.പി.ഐ. എടുത്തത്. ഇതിനോട് സി.പി.എം. യോജിച്ചില്ല. പൊന്നാനിയില്‍ സിപി.ഐ.യുടെ സ്വതന്ത്രനല്ല, ഇടതുമുന്നണിയുടെ സ്വതന്ത്രനായിരിക്കും സ്ഥാനാര്‍ഥിയെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍.ഡി.എഫ്. സ്വതന്ത്രനെന്ന് പറയുമ്പോള്‍ ഇടതുമുന്നണിയുടെ ചട്ടക്കൂടിന് പുറത്തുള്ളയാളായിരിക്കുമെന്നും മുന്നണിക്കപ്പുറമായ പിന്തുണ നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയില്‍ സി.പി.ഐ. സ്വതന്ത്രനായിരിക്കും മത്സരിക്കുകയെന്ന സി.പി.ഐ. നേതാക്കളുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം മുന്നണി തീരുമാനം ആവര്‍ത്തിച്ച് വ്യക്തമാക്കി. പൊന്നാനിയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയായിരിക്കില്ല; ഇടതുമുന്നണിയുടെ പൊതുവായ കാഴ്ചപ്പാടിന് അനുസൃതമായിരിക്കും. ഇവിടത്തെ സ്ഥാനാര്‍ഥി സി.പി.ഐ. ചിഹ്നത്തിലായിരിക്കില്ല മത്സരിക്കുന്നതെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കണ്‍വീനര്‍ പറഞ്ഞു. ''സി.പി.ഐ. നാല് മണ്ഡലങ്ങളിലാണ് മത്സരിച്ചിരുന്നത്. ഇക്കുറി മൂന്ന് മണ്ഡലങ്ങളിലായിരിക്കും മത്സരിക്കുക. സി.പി.ഐ. മത്സരിച്ചുവന്ന പൊന്നാനിയില്‍ ഇപ്രാവശ്യം പൊതുസ്വതന്ത്രനായിരിക്കും''- അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയില്‍നിന്ന് സീറ്റ് എടുക്കുകയെന്നോ, കൊടുക്കുകയെന്നോ അല്ല. ജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ മുന്നണിക്ക് ഒരു കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ''ഒരു സീറ്റിനുള്ള ആര്‍.എസ്.പി.യുടെ ആവശ്യത്തിലെ വികാരം എല്‍.ഡി.എഫ്. ഉള്‍ക്കൊള്ളുന്നു. അവരുടെ ആവശ്യം തെറ്റുമല്ല. അതിന്‍േറതായ ഗൗരവത്തില്‍ മുന്നണി ആ ആവശ്യം കാണുന്നു. എന്നാല്‍, മുന്നണിയുടെ പൊതുകാഴ്ചപ്പാടിന് അനുസൃതമായ തീരുമാനത്തോടൊപ്പം ആര്‍.എസ്.പി. നില്‍ക്കുമെന്നാണ് പ്രതീക്ഷ. അവരുടെ സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്''. വൈക്കം വിശ്വന്‍ പറഞ്ഞു. ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറിയുടെ പരസ്യപ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്തരമൊരു കാര്യം ചര്‍ച്ച ചെയ്തപ്പോഴുള്ള വികാരത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാകും; മുന്നണിയുടെ പൊതുവായ തീരുമാനത്തിനൊപ്പം അവര്‍ നില്‍ക്കുമെന്നായിരുന്നു കണ്‍വീനറുടെ മറുപടി. 13, 14, 15 തീയതികളിലായി ലോക്‌സഭ മണ്ഡലാടിസ്ഥാനത്തില്‍ എല്‍.ഡി.എഫ്. കണ്‍വെന്‍ഷനുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


No comments: