Monday, March 09, 2009

നിഫ്റ്റി 2970 ഭേദിക്കാതെ റാലിയില്ല


? നിഫ്റ്റിയുടെ ഇനിയുള്ള നീക്കം എങ്ങനെയായിരിക്കും? ഇപ്പോഴത്തെ ബെയര്‍ ട്രെന്‍ഡ് ഉടനെയെങ്ങാനും അവസാനിക്കുമോ?-ശ്രീധരന്‍ നായര്‍, കോഴിക്കോട്= നിഫ്റ്റി 2660 - 2620 നിലവാരങ്ങളിലെ സപ്പോര്‍ട്ട് ഭേദിച്ച് 2540 ല്‍ എത്തിയശേഷം 2620 ലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2970 നിലവാരത്തില്‍ നിന്ന് തുടങ്ങിയ ഈ മൂവ്‌മെന്റ് ഇനിയും പൂര്‍ത്തിയായതായി കരുതാനാവില്ല. ഇപ്പോഴത്തെ നിലയില്‍ നിഫ്റ്റിക്ക് 2662-2798 നിലവാരത്തിനുള്ളില്‍ വലിയ സമ്മര്‍ദ്ദം നേരിടേണ്ടിവരും. അതുകൊണ്ടു തന്നെ ബൗണ്‍സ് ബാക്ക് റാലികള്‍ ഈ നിലവാരത്തിനുള്ളില്‍ അവസാനിക്കുകയും ചെയ്യും. മുന്‍നിര ഓഹരികളിലെയും ബാങ്കിങ് ഓഹരികളിലെയും വില്പനസമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ മൂവ്‌മെന്റില്‍ ശ്രദ്ധേയം. അതിനൊപ്പം തന്നെ പല ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ നിലവാരത്തിലും വാങ്ങാന്‍ തുടങ്ങേണ്ട ആവശ്യമില്ല. ഇപ്പോഴത്തെ നിലയില്‍ 2970 നിലവാരം ഇനി ഭേദിക്കാതെ ഇപ്പോഴത്തെ ബെയര്‍ മൂവ്‌മെന്റ് അവസാനിക്കില്ല. താഴെ സപ്പോര്‍ട്ട് ലഭിക്കാവുന്ന മേഖലകള്‍ വളരെ അടുത്തടുത്ത് ഉണ്ടെന്നതു മാത്രമാണ് ബുള്ളുകള്‍ക്ക് ഏക ആശ്വാസം. എന്നാല്‍ ഇത് എത്ര കണ്ട് നിലനില്‍ക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ആഗോളതലത്തിലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും മാര്‍ച്ച് മാസത്തില്‍ പൊതുവില്‍ ഉണ്ടാവുന്ന പണലഭ്യതാ പ്രതിസന്ധി വിപണിയെ കൂടുതല്‍ താഴ്ചയിലേക്ക് തള്ളാന്‍ കാരണമായേക്കും. അടുത്ത മെയ് വരെയെങ്കിലും ഈ തളര്‍ച്ച തുടരാനുള്ള സാധ്യതയാണ് കൂടുതലും. ഇടയ്ക്ക് ചെറിയ കയറ്റങ്ങള്‍ ഉണ്ടായാലും അത് 2970 നിലവാരത്തിന് മുകളിലേക്ക് പോകാതെ പ്രയോജനപ്രദമായ ഒരു റാലി പ്രതീക്ഷിക്കാനും വയ്യ. ഈആഴ്ച ഒരു പക്ഷേ 2660-2700 നിലവാരങ്ങളില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ സാധ്യതയുള്ള നിഫ്റ്റി പിന്നീട് ഡൗണ്‍മൂവ് തുടരുകയാണെങ്കില്‍ 2470 നിലവാരത്തിലേക്കോ 2250-2100 നിലവാരങ്ങളിലേക്കോ എത്തിച്ചേരാം. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ഈ കറക്ടീവ് മൂവ് പൂര്‍ത്തിയാക്കാനുള്ള സാധ്യതയാണ് ഏറെയും. മാര്‍ച്ച് മാസത്തില്‍ ക്ലോസിങ് പ്രൈസ് നിര്‍ണായകമാവുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ പ്രത്യേകിച്ചും ഇന്‍ഡക്‌സ് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്തെങ്കിലും കസര്‍ത്ത് കാണിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതു കൊണ്ട് വൈചിത്രം നിറഞ്ഞ നീക്കങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പ്രമുഖ ഓഹരികളില്‍ തന്നെ ഒരേസമയം കുറെ എണ്ണം 15- 20 ശതമാനം മുകളിലും കുറെയെണ്ണം 15-20 ശതമാനം താഴെയും ഒക്കെ ട്രേഡ് ചെയ്യുന്നതു കണ്ട് വാപൊളിച്ച് നില്‍ക്കേണ്ടതില്ല. ഇതൊക്കെ വയറ്റിപിഴപ്പിന്റെ കാര്യമാണെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.? ബാര്‍ട്രോണിക്‌സ് ഓഹരിയില്‍ ഇപ്പോഴത്തെ വിലയില്‍ നിക്ഷേപിക്കാമോ-ജോബി, മൂവാറ്റുപുഴ= ബാര്‍ട്രോണിക്‌സ് ഇപ്പോള്‍ 63 രൂപ നിലവാരത്തിലാണുള്ളത്. 90 രൂപയില്‍ തുടങ്ങിയ ഈ ബെയര്‍ മൂവ് ഈ ഓഹരിയെ വീണ്ടും ലോവര്‍ ബോട്ടം ടെസ്റ്റ് ചെയ്യാന്‍ ഇടയാക്കി. ഈ ഓഹരിയില്‍ ഇപ്പോള്‍ കാണുന്ന ഡിസന്റിംഗ് കണ്ടിന്യൂവേഷന്‍ ട്രയാംഗിള്‍ സൂചിപ്പിക്കുന്നത് കൂടുതല്‍ തകര്‍ച്ച നേരിടേണ്ടിവരുമെന്നാണ്. ഇപ്പോഴത്തെ നിലയില്‍ 72-80 നിലവാരങ്ങളില്‍ റെസിസ്റ്റന്‍സ് ഉള്ള ഓഹരിക്ക് ഏറ്റവും അടുത്ത സപ്പോര്‍ട്ട് ലഭിക്കാവുന്നത് 58 നിലവാരമാണെന്നതും അത് വളരെ അടുത്താണെന്നതും വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണെങ്കിലും കഴിഞ്ഞ 3 മാസത്തിനുള്ളില്‍ തന്നെ രണ്ട് ലോവര്‍ ടോപ്പും (100 - 90 നിലവാരങ്ങളില്‍) ഇപ്പോള്‍ രണ്ട് ലോവര്‍ ബോട്ടവും എടുത്ത ഈ ഓഹരി വാങ്ങുന്നത് അത്ര ബുദ്ധിയാവില്ല. ഇപ്പോഴത്തെ നിലയില്‍ 58 ല്‍ താഴേക്കുള്ള നീക്കം ഈ ഓഹരിയെ 38-26 നിലവാരങ്ങളിലേക്ക് എത്തിച്ചേക്കാം.


No comments: