Monday, March 09, 2009

ബാഴ്‌സ വീണ്ടും വിജയവഴിയില്‍;റയലിന് സമനില


മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ തുടര്‍ച്ചയായ 11-ാം ജയം നേടാനുള്ള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ മോഹം പൊലിഞ്ഞപ്പോള്‍ വിജയ വഴിയില്‍ തിരിച്ചെത്തിയ ബാഴ്‌സലോണ ആറ് പോയന്റ് മുന്‍തൂക്കം വീണ്ടെടുത്തു. സ്വന്തം തട്ടകമായ ബര്‍ണാബുവില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായി സമനില വഴങ്ങുകയായിരുന്നു റയല്‍ (1-1). ലീഗില്‍ തുടരെ പത്ത് ജയം നേടിയ ചാമ്പ്യന്‍മാര്‍ ബാഴ്‌സയുമായുള്ള പോയന്റ് വ്യത്യാസം 12-ല്‍ നിന്ന് നാലായി ചുരുക്കിയിരുന്നു. ഹോം മത്സരത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവൊയെയാണ് കീഴടക്കിയത്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് കറ്റാലന്‍ ടീം വിജയം നേടുന്നത്. ഡച്ച് താരം ക്വാസ് യാന്‍ ഹുണ്ട് ലാര്‍ 57-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് റയല്‍ സമനില പിടിച്ചത്. ഒന്നാം പകുതിയില്‍ 38-ാം മിനിറ്റില്‍ ഉറുഗ്വായ് സ്‌ട്രൈക്കര്‍ ഡീഗോ ഫോര്‍ലാന്‍ അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചിരുന്നു. സീസണില്‍ ഫോര്‍ലാന്റെ 18-ാം ഗോളാണ് റയലിനെതിരെ പിറന്നത്. കിങ്‌സ് കപ്പ് ഫൈനല്‍ എതിരാളിയായ ബില്‍ബാവൊക്കെതിരെ ആറടി രണ്ടിഞ്ചുകാരനായ സെര്‍ജി ബസ്‌ക്വെ 17-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ചു. പെനാള്‍ട്ടി ഗോളില്‍ 32-ാം മിനിറ്റില്‍ അര്‍ജന്റീനാ താരം ലയണല്‍ മെസ്സി ആതിഥേയരുടെ ലീഡ് രണ്ടാക്കി. മറ്റൊരു കളിയില്‍ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോളിനെ തോല്പിച്ചു. ബാഴ്‌സലോണയ്ക്ക് 26 കളികളില്‍ നിന്ന് 63 പോയന്റായി. റയല്‍ (57), സെവിയ (47), വിയ്യാറയല്‍ (45) ടീമുകളാണ് തൊട്ടുപിന്നില്‍.


No comments: