Wednesday, March 04, 2009

ജിയോജിത് ദേശീയ കോള്‍ സെന്റര്‍ തുടങ്ങി


കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പുതിയ ദേശീയ കോള്‍ സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. കമ്പനിയുടെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും ബിടുബി ബാങ്കിങ് പാര്‍ട്ണര്‍മാര്‍ക്കും കസ്റ്റമര്‍ കെയര്‍ വിഭാഗം വഴി പൂര്‍ണ സേവനം നല്‍കും. പുതിയ വിഭാഗത്തോടെ സമര്‍പ്പണ മനോഭാവമുള്ള ഈ സൗകര്യത്തിലെ കസ്റ്റമര്‍ കെയര്‍ ഏജന്റുമാരുടെ എണ്ണം 100 ആയി മാറും. ജിയോജിത് ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക സേവനങ്ങള്‍ക്കുമായുള്ള ഒരു തലം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭമെന്ന് ജിയോജിത് മാനേജിങ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ് പറഞ്ഞു. എക്‌സിക്യൂട്ടീവുകള്‍ക്ക് എപ്പോഴും അപ്‌ഡേറ്റഡ് ആകാനുള്ള തുടര്‍ച്ചയായ പരിശീലന പരിപാടികളും ഉപഭോക്താക്കളുമായുള്ള ഇടപെടലുകള്‍ സുഗമമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഗുണനിലവാര പരിശോധനയും സാധ്യമാകും. പരിശീലനം ലഭിച്ച കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുകള്‍ ഫോണിലൂടെയോ ഇ-മെയില്‍ വഴിയോ ഉപഭോക്താക്കളുമായി ബന്ധപ്പെടും. പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുക, അവര്‍ക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കുക, ട്രേഡിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും കോളുകള്‍ക്കും മറുപടി പറയുക, ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക സഹായം നല്‍കുക, പുതിയ ഉത്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നിവ കോള്‍ സെന്ററിന്റെ സേവനങ്ങളില്‍ പെടും. തുടക്കത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളില്‍ സേവനങ്ങള്‍ ലഭിക്കും. ഭാവിയില്‍ കൂടുതല്‍ ഭാഷകളില്‍ സേവനം ലഭ്യമാക്കും.


No comments: