Monday, March 09, 2009

ഗാന്ധിജിയുടെ സ്വകാര്യവസ്തുക്കള്‍ ലേലം ചെയ്യുന്നത് ഇന്ത്യ തടയും


ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ സ്വകാര്യവസ്തുക്കള്‍ ലേലം ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വിദേശരാജ്യങ്ങളിലെ കോടതികളില്‍നിന്ന് മുന്‍കൂര്‍ ഉത്തരവ് നേടിയെടുക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. ഗാന്ധിജിയുടെ വില്‍പ്പത്രപ്രകാരം ഇവ നവജീവന്‍ ട്രസ്റ്റിന് അവകാശപ്പെട്ടതാണെന്ന് സാംസ്‌കാരികമന്ത്രാലയം വക്താവ് അറിയിച്ചു. പ്രധാന ലേലസ്ഥലങ്ങളുള്ള അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കോടതി ഉത്തരവ് നേടിയെടുക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. കണ്ണടയും വാച്ചും ഉള്‍പ്പെടെ ഗാന്ധിജിയുടെ അഞ്ച് സ്വകാര്യവസ്തുക്കള്‍ ന്യൂയോര്‍ക്കില്‍ വെച്ച് കഴിഞ്ഞദിവസം ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യ ലേലത്തില്‍ പിടിച്ചതാണ് ഇക്കാര്യത്തില്‍ ശ്രമം ഊര്‍ജിതമാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. വധിക്കപ്പെടുന്നതിന് ഏതാനും നാള്‍ മുമ്പ് ഗാന്ധിജി എഴുതിയ കത്ത് 2007ല്‍ 'ക്രിസ്റ്റീസ്' ലണ്ടനില്‍ ലേലം ചെയ്യാന്‍ ശ്രമിച്ചത് ഇന്ത്യ തടഞ്ഞിരുന്നു. അതേസമയം ന്യൂയോര്‍ക്കില്‍ 'ആന്റിക്വാറം' മാര്‍ച്ച് അഞ്ചിന് നടത്തിയ ലേലം വിശ്വാസവഞ്ചനയാണെന്ന് പ്രമുഖ ഗാന്ധിയന്‍ ചുനിഭായ് വൈദ്യ അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ വസ്തുക്കള്‍ ലേലത്തില്‍ പിടിച്ച വിജയ് മല്ല്യയെ അദ്ദേഹം അഭിനന്ദിച്ചു. ഈ വസ്തുക്കള്‍ വിജയ്മല്ല്യ ഇന്ത്യയിലെത്തിക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് ചുനിഭായ് വൈദ്യ പറഞ്ഞു. ലേലം തടയാന്‍ ഇന്ത്യ നടത്തിയ ശ്രമം വൈകിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.


No comments: