Thursday, March 05, 2009

പാക് സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം


ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ടീമിനെതിരെ സുരക്ഷാ ഭീഷണിയുള്ളതായി പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ക്ക് ലഹോറിലെ പ്രാദേശിക സുരക്ഷാ വിഭാഗം മുന്നറിയിപ്പു നല്‍കിയതായി റിപ്പോര്‍ട്ട്. ജനവരി 22നാണ് ഇതുസംബന്ധിച്ച് പാക് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയത്. ടീം താമസിക്കുന്ന ഹോട്ടലിനുനേരെയോ യാത്രക്കിടയിലോ ഗദ്ദാഫി ക്രിക്കറ്റ് ഗ്രൗണ്ടിനുനേരെയോ ജിഹാദികളുടെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാതിരിക്കുകയായിരുന്നു പാക് അധികൃതര്‍ എന്ന് ആരോപണമുണ്ട്. അതിനിടെ, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്ന 60 പേരെ പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പ്രധാനപ്പെട്ട ഭീകരര്‍ ആരുമില്ലെന്നും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിരോധിച്ച ജിഹാദി ഗ്രൂപ്പുകളാണ് ചൊവ്വാഴ്ചത്തെ ആക്രമണത്തിനു പിന്നിലെന്ന് 'ദ ന്യൂസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു.ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച സമിതി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


No comments: