Monday, March 09, 2009

അഫ്ഗാന്‍ യുദ്ധം പരാജയമെന്ന് ഒബാമ


താലിബാനുമായി അനുരഞ്ജനത്തിന് അമേരിക്കയുടെ നീക്കംവാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ അമേരിക്ക നടത്തുന്ന ഭീകരവിരുദ്ധയുദ്ധം വിജയത്തിലേക്കല്ല നീങ്ങുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സമ്മതിച്ചു. താലിബാനിലെ മിതവാദികളുമായി അനുരഞ്ജനത്തിലെത്താന്‍ അമേരിക്ക ശ്രമം നടത്തുമെന്നും ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഒബാമ സൂചനനല്കി. ഇറാഖില്‍ അല്‍ഖ്വെയ്ദയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ സുന്നിവിഭാഗങ്ങളുടെ പിന്തുണ നേടാനായതാണ് അമേരിക്കയെ വിജയത്തിലേക്ക് നയിച്ചത്. സമാനസാഹചര്യങ്ങള്‍ അഫ്ഗാനിസ്താനിലും പാകിസ്താനിലുമുണ്ട് -ഒബാമ അഭപ്രായപ്പെട്ടു. എന്നാല്‍ പരസ്പരം ഏറ്റുമുട്ടുന്ന ഒട്ടേറെ ഗോത്രവര്‍ഗങ്ങളുള്ള അഫ്‌നാസ്താനില്‍ ഈ തന്ത്രം നടപ്പാക്കുക അത്ര എളുപ്പമല്ലെന്നും ഒബാമ പറഞ്ഞു. ഇറാഖില്‍ നിന്നു സൈന്യത്തെ പിന്‍വലിച്ച് അഫ്ഗാനിസ്താനിലെ ഭീകര വിരുദ്ധ യുദ്ധം ശക്തമാക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ഒബാമ ഈ നിലപാടില്‍ നിന്നു പിന്നാക്കം പോവുകയാണെന്നാണ് സൂചന. സ്വാത്‌വാലിയില്‍ പാകിസ്താന്‍ സര്‍ക്കാര്‍ താലിബാനുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ മാതൃകയില്‍ അഫ്ഗാനിസ്താനിലും അനുരഞ്ജനം സാധ്യമാവുമോ എന്നാണ് ഇപ്പോള്‍ അമേരിക്ക ആരായുന്നത്. സ്വാത്തില്‍ പാകിസ്താന്‍ താലിബാന് കീഴടങ്ങിയെന്ന് കുറ്റപ്പെടുത്തിയതിനുപിന്നാലെയാണ് അമേരിക്കയും അതേവഴിയെ തിരിയുന്നത്. താലിബാനിലെ മിതവാദികളുമായി ചര്‍ച്ചയാകാമെന്ന ഒബാമയുടെ പ്രസ്താവനയെ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി സ്വാഗതം ചെയ്തു. അഫ്ഗാനിസ്താന്റെ ഈ നിലപാട് അമേരിക്ക അംഗീകരിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് കര്‍സായി പറഞ്ഞു. അമേരിക്കയുടെ മുഖ്യ ശത്രുവായ അല്‍ഖ്വെയ്ദയ്ക്ക് താലിബാന്‍ കേന്ദ്രങ്ങളിലെ സുരക്ഷിത താവളം ഇല്ലാതാക്കുകയാണ് പുതിയ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള താലിബാന്‍ താവളത്തിലാണ് അല്‍ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിച്ചുകഴിയുന്നതെന്നാണ് കരുതുന്നത്.


No comments: