Wednesday, March 04, 2009

യുവ എം.പി.മാര്‍ നിരാശപ്പെടുത്തി


ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നവരെ നിരാശപ്പെടുത്തുന്നതാണ് പതിന്നാലാം ലോക്‌സഭയിലെ യുവ എം.പി.മാരുടെ പ്രകടനം. സഭാ നടപടികളില്‍ 40 വയസ്സില്‍ താഴെയുള്ള എം.പി.മാരുടെ പങ്കാളിത്തം കേവലം ഏഴു ശതമാനം മാത്രമാണെന്ന് ലോക്‌സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ യുവനേതാക്കന്മാര്‍ക്ക് 30 ശതമാനം സീറ്റു നല്‍കണമെന്നാവശ്യപ്പെട്ട രാഹുല്‍ഗാന്ധിയും ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച യുവ എം.പി.മാരില്‍പ്പെടുന്നു. നാലു ചര്‍ച്ചകളില്‍ മാത്രം പങ്കെടുത്ത രാഹുല്‍ മൂന്നു ചോദ്യങ്ങളാണ് സഭയില്‍ ഉന്നയിച്ചത്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ജനവരി ആദ്യം സ്ഥാനമേറ്റ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഏഴ് ചര്‍ച്ചകളില്‍ പങ്കെടുത്തു. പക്ഷേ, ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്റെ മകന്‍ അഖിലേഷ് യാദവാകട്ടെ രണ്ട് ചര്‍ച്ചകളിലാണ് പങ്കെടുത്തത്. ഇതിലൊന്ന് മുലായംസിങ് യാദവ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെതിരേയുള്ള കേസുമായി ബന്ധപ്പെട്ടതാണ്. അഖിലേഷ് 17 ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചു. ആറ് വീതം ചര്‍ച്ചകളില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സിന്റെ ദീപേന്ദര്‍ ഹൂഡയും ജിതിന്‍ പ്രസാദയും പന്ത്രണ്ടും ആറും ചോദ്യങ്ങള്‍ വീതം ഉന്നയിച്ചു. 16 ചര്‍ച്ചകളില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സിന്റെ സച്ചിന്‍ പൈലറ്റിന് ഒരു ചോദ്യം മാത്രമാണ് ഉന്നയിക്കാനുണ്ടായിരുന്നത്. അദ്ദേഹം ഒരു സ്വകാര്യ പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു. പ്രമുഖ യുവ എം.പി.മാരില്‍ നന്നായി ശോഭിച്ചത് ബി.ജെ.പി. നേതാവ് വസുന്ധര രാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങാണ്. 52 ചര്‍ച്ചകളില്‍ പങ്കെടുത്ത ദുഷ്യന്ത് 604 ചോദ്യങ്ങളും ഉന്നയിച്ചു. ഒരു സ്വകാര്യ ബില്ലിനെ പിന്തുണച്ചു. ഒരു അനുബന്ധ ചോദ്യവും സഭയില്‍ ഉന്നയിച്ചു. കോണ്‍ഗ്രസ്സിന്റെ യുവ എം.പി.മാരില്‍ മികച്ചുനിന്നത് ജ്യോതിരാദിത്യ സിന്ധ്യയാണ്. 17 ചര്‍ച്ചകളില്‍ പങ്കെടുത്ത സിന്ധ്യ, 534 ചോദ്യങ്ങളും രണ്ട് അനുബന്ധ ചോദ്യങ്ങളും ഉന്നയിച്ചു. മിലിന്ദ് ദേവ്‌റ, നവീന്‍ ജിന്‍ഡാല്‍, സന്ദീപ് ദീക്ഷിത് എന്നിവരും ബി.ജെ.പി.യുടെ മാനവേന്ദ്രസിങ്ങുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റ് യുവ എം.പി.മാര്‍. കേരളത്തില്‍ നിന്നുള്ള മുന്‍ സിപിഎം എം.പി. അബ്ദുള്ളക്കുട്ടിയുടെ പ്രവര്‍ത്തനം ഭേദപ്പെട്ടതായിരുന്നു. 26 ചര്‍ച്ചകളില്‍ സജീവമായിരുന്ന അബ്ദുള്ളക്കുട്ടി 44 ചോദ്യങ്ങളും ഒരു അനുബന്ധ ചോദ്യവും സഭയില്‍ ഉന്നയിച്ചു. ടെലിവിഷന്‍ റെഗുലേറ്ററെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ടെലിവിഷന്‍ പ്രോഗ്രാം നിയന്ത്രണ ബില്‍ ഉള്‍പ്പെടെ അഞ്ച് സ്വകാര്യ ബില്ലുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒരു സ്വകാര്യ പ്രമേയത്തെ സഭയില്‍ അനുകൂലിക്കുകയും ചെയ്തു. ലോക്‌സഭയില്‍ ഹാജരാകുന്നതിലും യുവ എം.പി.മാര്‍ പിന്നിലാണ്. 61-70 പ്രായപരിധിയില്‍പ്പെട്ട എം.പി.മാരാണ് സഭയില്‍ ഹാജരാകുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്. സഭാ നടപടികളില്‍ ഏറ്റവും സജീവമായിരുന്നത് സി.പി.എം. എം.പി.മാരാണ്. അവര്‍ ശരാശരി 47 ചര്‍ച്ചകളില്‍ പങ്കെടുത്തു. ആര്‍.ജെ.ഡി.യും ബി.ജെ.പി.യുമാണ് തൊട്ടുപിന്നില്‍. ജോര്‍ഡി മലയില്‍


No comments: