Wednesday, March 04, 2009

പരാജയപ്പെടുന്ന വിമോചനസ്വപ്നങ്ങള്‍


ചെന്നൈ: 'റവല്യൂഷണറി റോഡ്' ഒരു ആഭ്യന്തരവിപ്ലവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. 1950കളില്‍ അമേരിക്കയിലെ ഇടത്തരം കുടുംബങ്ങളില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് റിച്ചാര്‍ഡ് യേറ്റ്‌സ് 1961ലാണ് റവല്യൂഷണറി റോഡ് എന്ന നോവല്‍ എഴുതിയത്. 2008ല്‍ സാം മെന്‍ഡെസ് ഇത് സിനിമയാക്കുമ്പോള്‍ അത് രണ്ടു കാലങ്ങളും രണ്ടു സമൂഹങ്ങളും തമ്മിലുള്ള മുഖാമുഖം കൂടിയാവുന്നു. ഫ്രാങ്കും (ഡികാപ്രിയോ) ഏപ്രിലും (കെയ്റ്റ്‌വിന്‍സ്‌ലെറ്റ്) യുവദമ്പതിമാരാണ്. വിരസമായ ഓഫീസ് ജോലിയിലൂടെ ഫ്രാങ്ക് കുടുംബത്തിന്റെ വരുമാനസ്രോതസ്സാകുമ്പോള്‍, ഏപ്രില്‍ വീട്ടമ്മയാണ്. പുറമേയ്ക്ക് എല്ലാം ശാന്തവും സുന്ദരവുമാണ്. പക്ഷേ, ഏപ്രിലും ഫ്രാങ്കും അസ്വസ്ഥരാണ്. ഇതല്ല തങ്ങള്‍ ആഗ്രഹിച്ച ജീവിതം എന്നവരറിയുന്നുണ്ട്. വീട്ടമ്മയുടെ റോളില്‍നിന്ന് ഏപ്രില്‍ മോചനം ആഗ്രഹിക്കുന്നു. വിരസമായ ഓഫീസ് ജോലിയില്‍നിന്ന് ഫ്രാങ്കും. പാരീസില്‍ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത് ഏപ്രിലാണ്. പക്ഷേ, ഫ്രാങ്കിന് ലഭിക്കുന്ന പ്രമോഷന്‍ ഈ സ്വപ്നങ്ങളത്രയും തകര്‍ക്കുന്നു. പാരീസ് യാത്രയും പുതിയ ജീവിതവും ഏപ്രിലിന് മുന്നില്‍ അസ്തമിക്കുന്നു. സ്വപ്നങ്ങളുടെ തകര്‍ച്ച മരണത്തിലേക്കുള്ള വാതിലാണ് തുറക്കുന്നത്. ജീവിതവിമോചനത്തിന്റെ വിപ്ലവ പാതയില്‍നിന്ന് ഏപ്രില്‍ സ്വയം ബഹിഷ്‌കൃതയാകുന്നു. ഒരര്‍ഥത്തില്‍ ശക്തമായൊരു സ്ത്രീപക്ഷ സൃഷ്ടിയാണ് സാം മെന്‍ഡെസ് ആവിഷ്‌കരിക്കുന്നത്. ജീവിതത്തിന്റെ ഭാഗധേയം നിശ്ചയിക്കാന്‍ പുരുഷന് ആരാണധികാരം കൊടുക്കുന്നതെന്ന നിശ്ശബ്ദമായൊരു ചോദ്യം ഈ സിനിമ ഉയര്‍ത്തുന്നുണ്ട്. ഡികാപ്രിയോയും കെയ്റ്റ് വിന്‍സ്‌ലെറ്റും അസാധാരണമായ കയ്യടക്കത്തോടെയാണ് ഫ്രാങ്കിനെയും ഏപ്രിലിനെയും അവതരിപ്പിക്കുന്നത്. മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കെയ്റ്റിനെ തേടിയെത്തിയത് ഈ അഭിനയത്തിനായിരുന്നു. ഓസ്‌കറിന് പക്ഷേ, കെയ്റ്റിനെ പരിഗണിച്ചത് 'റീഡര്‍' എന്ന സിനിമയിലെ നായികാവേഷത്തിനാണ്. 2008 കെയ്റ്റിനെ സംബന്ധിച്ചിടത്തോളം കരുത്തുറ്റ രണ്ട് നായികാകഥാപാത്രങ്ങളുടേതായിരുന്നു. 1950കളിലെ അമേരിക്കന്‍ മധ്യവര്‍ത്തിസമൂഹൂത്ത സാംമെന്‍ഡസ് അതിതന്മയത്വത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിന് റെവല്യൂഷനറി റോഡ് ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങും. കെ.എ. ജോണി


No comments: