Wednesday, March 04, 2009

ഗാന്ധിജിയുടെ കണ്ണടയും വാച്ചും അമേരിക്കയില്‍ നാളെ ലേലത്തിന്‌


ലേലത്തിന് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ന്യൂയോര്‍ക്ക്: മഹാത്മാഗാന്ധി സ്മരണ നിറഞ്ഞുനില്ക്കുന്ന അഞ്ച് അമൂല്യവസ്തുക്കള്‍ വന്‍പ്രതിഷേധങ്ങള്‍ക്കിടെ വ്യാഴാഴ്ച അമേരിക്കയില്‍ ലേലംചെയ്യും. ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണടയും പോക്കറ്റ് വാച്ചും ഒരു ജോഡി ചെരിപ്പും പാത്രവും ഗ്ലാസുമാണ് ന്യൂയോര്‍ക്കിലെ ആന്റിക്വേറിയം ലേലസ്ഥാപനത്തില്‍ ലേലത്തിന് വെക്കുക. അമൂല്യവസ്തുക്കള്‍ ഇന്ത്യന്‍സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗികപ്രതികരണമൊന്നും വന്നിട്ടില്ല. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി ലേലം സ്റ്റേ ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയക്കാരനായ ജെയിംസ് ഓട്ടിസ് എന്നയാളാണ് ഈ വസ്തുക്കളുടെ ഉടമ. ഇന്ത്യയുടെ മൊത്തം ആഭ്യന്തരഉല്പാദനത്തിന്റെ അഞ്ചുശതമാനം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നീക്കിവെക്കുകയാണെങ്കില്‍ അവ സര്‍ക്കാറിന് സൗജന്യമായി നല്‍കാമെന്നാണ് ഓട്ടിസ് പറയുന്നത്. ഗാന്ധിജിയുടെ കുടുംബത്തില്‍നിന്നും മറ്റുമാണ് തനിക്ക് ഈ വസ്തുക്കള്‍ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷുനാണ് താനെന്നു പറയുന്ന ഓട്ടിസ് ലേലത്തുക നാലു കാര്യങ്ങള്‍ ചെയ്യാനുപയോഗിക്കുമെന്നും അറിയിച്ചു. ഈ ലേലവസ്തുക്കള്‍ക്ക് 20,000 മുതല്‍ 30,000 വരെ ഡോളര്‍ കിട്ടുമെന്നാണ് ആന്റിക്വാറിയത്തിന്റെ പ്രതീക്ഷ. ലേലത്തുക ഒരു ലക്ഷം വരെയെത്തുമെന്ന് പറയുന്നവരുമുണ്ട്. ഒട്ടേറെ ഇന്ത്യക്കാര്‍ ലേലത്തിന് പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ കണ്ണടകള്‍ക്കുവേണ്ടി ഇന്ത്യന്‍സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിരുന്നെന്ന് ആന്റിക്വേറിയം പറയുന്നു. എന്നാല്‍, ലേലത്തില്‍ പങ്കെടുക്കാനാണ് അവര്‍ നിര്‍ദേശിച്ചത്. ഇതിനെപ്പറ്റി ഇന്ത്യ പ്രതികരിച്ചിട്ടില്ല. ലേലത്തിലൂടെ ഗാന്ധിയുടെ സന്ദേശങ്ങള്‍ ലോകം ഒരിക്കല്‍കൂടി ഓര്‍ക്കുമെന്ന് ഓട്ടിസ് പറഞ്ഞു. ഡോക്യുമെന്ററി നിര്‍മാതാവും സാമൂഹികപ്രവര്‍ത്തകനുമായ ഓട്ടിസിന്റെ പക്കല്‍ ഗാന്ധിജിയുടെ രക്തപരിശോധനാറിപ്പോര്‍ട്ടും ഗാന്ധിജി അയച്ച ഒരു ടെലിഗ്രാമിന്റെ പതിപ്പുമുണ്ട്. എന്നാലിവ ലേലത്തിനു വെച്ചിട്ടില്ല. അതിനിടെ മഹാത്മാഗാന്ധിയുടെ സ്വകാര്യവസ്തുക്കള്‍ അമേരിക്കയില്‍ ലേലംചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേചെയ്തു. നവജീവന്‍ ട്രസ്റ്റിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍കുമാറിന്‍േറതാണ് ഉത്തരവ്. കോടതി ഉത്തരവ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി അമേരിക്കയിലെ ആന്റിക്വേറിയം ലേലക്കമ്പനിയെ അറിയിക്കും. മഹാത്മാഗാന്ധിയുടെ വസ്തുക്കള്‍ ലേലംചെയ്യാന്‍ തങ്ങള്‍ക്കുമാത്രമാണ് നിയമപരമായ അധികാരമുള്ളതെന്ന് ഹര്‍ജിക്കാരനായ ജിതേന്ദര്‍ ദേശായി പറഞ്ഞു. 1929-ല്‍ മഹാത്മാഗാന്ധിതന്നെ രജിസ്റ്റര്‍ ചെയ്തതാണ് നവജീവന്‍ ട്രസ്റ്റെന്നും ഗാന്ധിജിയുടെ എല്ലാ വസ്തുക്കളുടെയുംമേല്‍ ട്രസ്റ്റിനുമാത്രമായിരിക്കും അവകാശമെന്ന് നിയമരേഖയുണ്ടാക്കിയെന്നും ജിതേന്ദര്‍ വാദിക്കുന്നു.


No comments: