Monday, March 09, 2009

പൊന്നാനി, കോഴിക്കോട് തര്‍ക്കം 12ന് തീര്‍ക്കും - സി.പി.എം.


ന്യൂഡല്‍ഹി: ഇടതുമുന്നണിയില്‍ പൊന്നാനി, കോഴിക്കോട് സീറ്റുകളെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് സി.പി.എം. കേന്ദ്രനേതൃത്വം വ്യക്തമാക്കി. പന്ത്രണ്ടിന് നടക്കുന്ന ഇടതുമുന്നണി യോഗത്തോടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും-സി.പി.എം. കേന്ദ്രസമിതി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലും പശ്ചിമബംഗാളിലും കടുത്ത മത്സരമാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ട കാരാട്ട് പാര്‍ട്ടിയിലെ വിഭാഗീയത തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം സി.പി.എമ്മിന്റെ കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും. കേരളത്തിലെയും ബംഗാളിലെയും മത്സരത്തെ പാര്‍ട്ടി സംഘടനാപരമായും രാഷ്ട്രീയമായും നേരിടും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ എത്ര സീറ്റ് ലഭിക്കും എന്നു പറയാനാവില്ല. തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി കാണുന്നത്-കാരാട്ട് വ്യക്തമാക്കി. അതേസമയം പൊന്നാനി, കോഴിക്കോട് സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാനകമ്മിറ്റി തീരുമാനങ്ങളില്‍ ഇടപെടേണ്ട എന്ന നിലപാടാണ് കേന്ദ്രസമിതി എടുത്തതെന്നറിയുന്നു. പൊന്നാനിയില്‍ മുസ്‌ലിംവിഭാഗങ്ങളുടെ പിന്തുണയുള്ള പൊതുസ്ഥാനാര്‍ഥിക്കുതന്നെയാണ് സാധ്യതയെന്ന് സി.പി.എം. സംസ്ഥാനസമിതി അറിയിച്ചിട്ടുണ്ട്. ഈ നിലപാടിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. പൊന്നാനി സീറ്റ് സി.പി.ഐയുടെതാണെന്നുള്ള ഉറപ്പു വേണമെന്ന നിലപാടാണ് സി.പി.ഐ.യുടെ കേന്ദ്രനേതൃത്വത്തിനുള്ളത്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍വാശിപിടിക്കേണ്ടതില്ലെന്നും ഇടതുപക്ഷത്തിന്റെ പൊതുതാത്പര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും സി.പി.ഐ. കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തോട് സൂചിപ്പിച്ചിട്ടുണ്ട്. പതിനൊന്നിലെ സി.പി.ഐ. നിര്‍വാഹകസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും. സീറ്റ് തങ്ങളുടെതാണെങ്കിലും സി.പി.എമ്മിനുകൂടി താത്പര്യമുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്ന നിലപാട് പന്ത്രണ്ടിന് സി.പി.ഐ.ക്ക് കൈക്കൊള്ളേണ്ടിവരും. ഡി. ശ്രീജിത്ത്‌


No comments: