Monday, March 09, 2009

100 പുലികളെക്കൂടി വധിച്ചു; വിമതര്‍ ആയുധമുപേക്ഷിക്കുന്നു


കൊളംബോ: വടക്കുകിഴക്കന്‍ ശ്രീലങ്കയില്‍ സൈന്യം എല്‍.ടി.ടി.ഇ.ക്കെതിരെ മുന്നേറ്റം തുടരുന്നതിനിടെ വിമത പുലികളുടെ സംഘടനയായ ടി.എം.വി.പി. ആയുധമുപേക്ഷിച്ച് സമാധാനപാതയിലേക്ക് തിരിഞ്ഞു. വെള്ളിയാഴ്ചയ്ക്കുശേഷം മേഖലയില്‍ തുടരുന്ന പോരാട്ടങ്ങളില്‍ നൂറിലേറെ പുലികള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചിരിക്കെയാണ് മുന്‍ എല്‍.ടി.ടി.ഇ. നേതാവ് കരുണയുടെ നേതൃത്വത്തിലുള്ള തമിഴ് മക്കള്‍ വിടുതലൈ പുലികള്‍ സര്‍ക്കാറുമായി കൂടുതല്‍ അടുത്തത്. പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ഭരണസഖ്യത്തിലുള്‍പ്പെട്ട ടി.എം.വി.പി. ശനിയാഴ്ച മുതല്‍ തങ്ങളുടെ ആയുധങ്ങള്‍ സര്‍ക്കാറിന് അടിയറവെക്കാന്‍ തുടങ്ങിയതായി ഭരണകേന്ദ്രങ്ങള്‍ അറിയിച്ചു. പുലികളുടെ ആസന്നമായ പരിപൂര്‍ണ വീഴ്ച മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇവര്‍ മുഖ്യധാരയില്‍ ലയിക്കുന്നത്. പുലികള്‍ ഇല്ലാതാവുന്നതോടെ തങ്ങള്‍ ആയുധമെടുക്കേണ്ട ആവശ്യവും ഇല്ലാതാകുമെന്നാണ് സംഘടന പറയുന്നത്. ആഭ്യന്തരയുദ്ധങ്ങളവസാനിച്ചാല്‍ രാജ്യത്തെ അധികാരതലങ്ങളില്‍ സ്ഥാനമുറപ്പിക്കാമെന്നും അവര്‍ കരുതുന്നു. 2008-ലെ കിഴക്കാന്‍ പ്രവിശ്യാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ടി.എം.വി.പി. ഉപമേധാവിക്ക് പ്രദേശത്ത് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്. ഭരണസഖ്യത്തിലുള്‍പ്പെട്ട സായുധസംഘടന എന്ന ദുഷ്‌പേരുള്ള ടി.എം.വി.പി.ക്ക് ആയുധം താഴെ വെക്കുന്നതോടെ കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആയുധം അധികാരത്തിന് തടസ്സമാണെന്ന മുന്‍ എല്‍.ടി.ടി.ഇ. നേതാവ് ചന്ദ്രകാന്തന്റെ പ്രസ്താവന ഇതു വ്യക്തമാക്കുന്നു. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള എല്‍.ടി.ടി.ഇ.യില്‍നിന്ന് വിട്ടുപോയ കേണല്‍ കരുണ 2004-ലാണ് ടി.എം.വി.പി. രൂപവത്കരിച്ചത്. കരുണയുടെയും അദ്ദേഹത്തോടാഭിമുഖ്യമുള്ള പുലികളുടെയും പിന്മാറ്റം കിഴക്കന്‍ പ്രദേശത്ത് പ്രഭാകരന്റെ എല്‍.ടി.ടി.ഇ.ക്ക് കനത്ത തിരിച്ചടിയായിരുന്നു. എല്‍.ടി.ടി.ഇ. പാരമ്പര്യം പിന്തുടര്‍ന്ന് ടി.എം.വി.പി. നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തുവന്നിരുന്നു. അതേസമയം, ഇപ്പോള്‍ വടക്കുകിഴക്കന്‍ പ്രദേശത്ത് നടക്കുന്നത് അന്തിമപോരാട്ടമാണെന്നും പുലികളുടെ സമ്പൂര്‍ണ കീഴടങ്ങല്‍ ഉടനുണ്ടാകുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി രത്‌നസിരി വിക്രമനായകെ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇപ്പോഴും പുലികള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ പുതുകുടിയിരിപ്പ്, പാലമാതലന്‍ പ്രദേശങ്ങളില്‍ ചാവേര്‍, കടല്‍പ്പുലി സംഘങ്ങളോടൊപ്പം പുലികള്‍ കടുത്ത പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്നും ലങ്കന്‍ പ്രതിരോധമന്ത്രാലയം പറയുന്നുണ്ട്.


No comments: