Wednesday, March 04, 2009

ചീത്തപ്പേരുമാറ്റാന്‍ ബംഗ്ലാദേശ് റൈഫിള്‍സ് പേരുമാറ്റുന്നു


ധാക്ക: സേനാ ആസ്ഥാനത്തുണ്ടായ കലാപത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് റൈഫിള്‍സിനുണ്ടായ ദുഷ്‌പേര് കഴുകിക്കളയുന്നതിന് സേന പുനഃസംഘടിപ്പിക്കാനും പേരുമാറ്റാനും ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ബംഗ്ലാദേശ് റൈഫിള്‍സ് എന്ന പേര് എത്രയും പെട്ടെന്ന് മാറ്റാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ പുതിയ പേര് ഇനിയും കണ്ടെത്തിയിട്ടില്ലെന്നും സൈനിക മേധാവി സൈന ഇബ്‌നു ജമാലി പറഞ്ഞു. കലാപത്തില്‍ ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സൈന്യം സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരിക്ക് അന്വേഷണച്ചുമതല നല്‍കിയതായും ഇബ്‌നുജമാലി പറഞ്ഞു. 215 വര്‍ഷം മുമ്പ്, ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ബംഗ്ലാദേശ് റൈഫിള്‍സ് രൂപവത്കരിച്ചത്. 'ഇസ്റ്റേണ്‍ റൈഫിള്‍സ്' എന്നായിരുന്നു അന്നത്തെ പേര്. കഴിഞ്ഞ ദിവസമുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പുതിയൊരു പേര് സ്വീകരിക്കാന്‍ സേന നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്. കലാപത്തിനുശേഷം സേനയെ പിരിച്ചുവിടാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ എച്ച്.എം. എര്‍ഷാദ് ആവശ്യപ്പെട്ടിരുന്നു. നാല്പതിനായിരത്തോളം സൈനികരാണ് ഇപ്പോള്‍ സേനയിലുള്ളത്.


No comments: