Wednesday, March 04, 2009

പി.എസ്.സി. നി'യമനക്കേസില്‍ വാദം പൂര്‍ത്തിയായി; സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്യാത്തതു എന്തുകൊണ്ടെന്ന് കോടതി


ന്യൂഡല്‍ഹി: പി.എസ്.സി. നിയമനങ്ങളില്‍ സംവരണതത്ത്വം പാലിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. അന്തിമവിധി അധികം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍,ജസ്റ്റിസ് മാര്‍ഖണ്ഡേയ കട്ജു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജികളില്‍ ചൊവ്വാഴ്ച വാദം കേട്ടത്. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കി 50:50 അനുപാതത്തില്‍ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ സര്‍ക്കാര്‍ അനുകൂലിച്ചപ്പോള്‍,എന്തുകൊണ്ടാണ് അതിനുവേണ്ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്താത്തതെന്ന് കോടതി. 20 ഒഴിവുകളുടെ ഒരു യൂണിറ്റെടുത്ത് അതില്‍ നിന്ന് 50:50 അനുപാതത്തില്‍ നിയമനം നടത്തുന്നത് നിലവിലുള്ള ചട്ടമനുസരിച്ചാണെന്ന പി.എസ്.സി.യുടെ വാദത്തോട് യോജിച്ചുകൊണ്ട്, ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാറിനെ ആരും തടയുന്നില്ലല്ലോ എന്ന് ജസ്റ്റിസ് മാര്‍ഖണ്ഡേയ കട്ജു പറഞ്ഞു. 1958 ലെ കേരളാ സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിലെ 14ാം ചട്ടത്തില്‍ 20 ഒഴിവുകളുടെ യൂണിറ്റ് കണക്കാക്കി സംവരണം നടത്തണമെന്നാണ് വ്യവസ്ഥയെന്ന് അപ്പീല്‍ ഹര്‍ജിയില്‍ വാദം തുടങ്ങിക്കൊണ്ട് എന്‍.എസ്.എസ്സിന്റെ അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ കോടതിയില്‍ ബോധിപ്പിച്ചു. നിയമനക്കാര്യത്തില്‍ ബന്ധപ്പെട്ട ചട്ടം വളരെ വ്യക്തമാണെന്നിരിക്കേ,അത് മറ്റൊരു വിധത്തില്‍ വ്യാഖ്യാനിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ഏതെങ്കിലുമൊരു സമുദായത്തിന് പ്രയോജനം ലഭിക്കാന്‍വേണ്ടി ഹൈക്കോടതിക്ക് ചട്ടം വ്യാഖ്യാനിച്ച് നിയമമുണ്ടാക്കാന്‍ അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്സിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി,അഡ്വ.ബീനാ മാധവന്‍ എന്നിവരും ഹാജരായി.നിലവിലുള്ള ചട്ടമനുസരിച്ചാണ് കഴിഞ്ഞ 50 കൊല്ലമായി തങ്ങള്‍ നിയമനം നടത്തുന്നതെന്ന് പി.എസ്.സി.ക്കുവേണ്ടി ഹാജരായ ജസ്റ്റിസ്(റിട്ട)ടി.എല്‍.വിശ്വനാഥ അയ്യര്‍ ബോധിപ്പിച്ചു. ചട്ടം ഭേദഗതി ചെയ്യാന്‍ പി.എസ്.സി.ക്ക് അധികാരമില്ല. സംവരണ വിഭാഗക്കാര്‍ക്കും മെരിറ്റിലുള്ളവര്‍ക്കും തുല്യ അവസരമാണ് നിലവിലുള്ള ചട്ടം നടപ്പാക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹൈക്കോടതിയുടെ വ്യാഖ്യാനം ശരിയാണെന്ന് സംസ്ഥാനത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.പി.റാവു വാദിച്ചു. കെ.എസ്.ആറിലെ ചട്ടം 14(എ)യും (ഡി)യും ചേര്‍ത്ത് വ്യാഖ്യാനിച്ചാല്‍,ഒഴിവുകള്‍ മൊത്തമായി എടുത്ത് 50:50 അനുപാതത്തില്‍ നിയമനം നടത്തണമെന്ന് ബോധ്യപ്പെടും. ഹൈക്കോടതിയുടെ വ്യാഖ്യാനം ശരിയായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം ഭേദഗതി ആവശ്യമില്ല. ഹൈക്കോടതിയുടെ വ്യാഖ്യാനം സര്‍ക്കാര്‍ അംഗീകരിക്കുകയാണ്. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പി.എസ്.സി. അത് നടപ്പാക്കുകയാണ് വേണ്ടതെന്നും റാവു വാദിച്ചു. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി.പ്രകാശും സര്‍ക്കാറിനുവേണ്ടി ഹാജരായി. എം.ഇ.എസ്.,എസ്.എന്‍.ഡി.പി. എഴുത്തച്ഛന്‍ സമാജം തുടങ്ങിയവര്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.


No comments: