Wednesday, March 04, 2009

നന്ദി റസൂല്‍, ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയതിന്‌


കൊല്ലം: ഓസ്‌കര്‍ ഭാഗ്യം തുണച്ചാല്‍ കൊഡാക് തിയറ്ററില്‍നിന്ന് ലോകത്തോട് പറയാനിരുന്ന പലതും റസൂല്‍ പൂക്കുട്ടി മറന്നു. പറയാത്തതിനേക്കാള്‍ ഹൃദ്യം, മനോഹരം പറഞ്ഞതെല്ലാമെന്ന്, ഇപ്പോള്‍ ലോകത്തിന്റെ പ്രശംസ. വലിയൊരു മുന്നൊരുക്കമില്ലാതെയായിരുന്നു കൊഡാക് തിയറ്ററിലേക്ക് റസൂല്‍ കയറിയത്. എങ്കിലും ചിലതുകൂടി ലോകം കേള്‍ക്കെ പറയാനാഗ്രഹിച്ചിരുന്നു. പക്ഷേ പ്രഖ്യാപനം വന്നപ്പോള്‍ മനസ്സ് കരുതിയ പലതും പമ്പകടന്നു. ഓസ്‌കര്‍ പ്രഖ്യാപനവേദിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിന്റെയും വാക്കുകളുടെയും ഉടമയായ റസൂലിനെപ്പറ്റി ലോകമൊട്ടുക്ക് മാധ്യമങ്ങള്‍ എഴുതിയപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ അനുമോദനക്കത്തിലുമുണ്ട് വലിയൊരു പ്രശംസ, നന്ദി- ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയതിന്്, ആ വാക്കുകള്‍ക്ക്. 'ഓംകാരം' റസൂലിന്റെ മനസ്സില്‍ ആഴത്തിലുറച്ച ശബ്ദമായിരുന്നു. വാക്കിന്റെ കരുത്തിനേക്കാള്‍ വല്ലാതാകര്‍ഷിച്ച ആ ശബ്ദത്തിന്റെ തീവ്രതയിലൂന്നിയായിരുന്നു കൊഡാക് തിയറ്ററില്‍ സംസാരിച്ചതും. ശിവതാണ്ഡവത്തിന്റെ താളവും ലയവും ശിവനും എന്നും ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയിലെത്തിയ റസൂല്‍ പറഞ്ഞത്. സ്വീകരണങ്ങളുടെ നടുവിലേക്കാണ് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കറുമായി റസൂല്‍ മുംബൈയില്‍ വന്നിറങ്ങിയത്. ഒരു താരത്തിനും ലഭിച്ചിട്ടില്ലാത്തവിധമാണ് മുംബൈയിലും ഡല്‍ഹിയിലുമൊക്കെയായി ഓസ്‌കര്‍ ജേതാവിനെ ആദരിക്കുന്നതെന്ന് മാനേജര്‍ തിരുവനന്തപുരം സ്വദേശി ബൈജു പറയുന്നു. സൗണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആദ്യസ്വീകരണത്തില്‍നിന്ന് ബച്ചന്‍ കുടുംബം ഒരുക്കുന്ന അനുമോദനച്ചടങ്ങിലേക്ക് റസൂല്‍ യാത്ര തുടരുന്നു. അമിതാഭ് ബച്ചന്‍ ഇന്ത്യയിലെത്തിയാലുടന്‍ ചടങ്ങ് നടത്തണമെന്നാണാഗ്രഹമെന്ന് മകന്‍ അഭിഷേക് ബച്ചന്‍ വിളിച്ചറിയിച്ചതിനൊപ്പം സന്തോഷത്തിന്റെ വലിയൊരു പൂച്ചെണ്ട് റസൂലിനെത്തിക്കാനും ബച്ചന്‍ കുടുംബം മറന്നില്ല. ബച്ചന്റെ ബ്ലാക്ക് അടക്കം മൂന്നു ചിത്രങ്ങളില്‍ ശബ്ദമിശ്രണം റസൂലായിരുന്നു. 'സ്‌ലം ഡോഗ് മില്യനറി'ല്‍ അഭിനയിച്ച കുട്ടികള്‍ക്കൊപ്പമുള്ള അനുമോദനച്ചടങ്ങില്‍ റസൂലും ഭാര്യ ഷാദിയയും രണ്ടുമണിക്കൂറാണ് ചെലവിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പങ്കാളിത്തമുള്ള മുംബൈയിലെ വലിയൊരു ട്രസ്റ്റിന്റെ യോഗത്തില്‍ പങ്കെടുത്ത റസൂലിന് മുംബൈയില്‍ സര്‍ക്കാര്‍ 14 ന് ഒരുക്കുന്നത് ഉജ്ജ്വല വരവേല്‍പ്പാണ്. റസൂലിന്റെ ചുറ്റുവട്ടത്തുനിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒഴിഞ്ഞനേരമില്ല. കേരളത്തില്‍നിന്ന് മാക്ടയടക്കമുള്ള സംഘടനകള്‍ സന്തോഷം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും വിളക്കുപാറ ഗ്രാമവുമൊക്കെ സ്നേഹം പകര്‍ന്നു നല്‍കാന്‍ റസൂലിനെ കാത്തിരിക്കുന്നു.''ഞാനാ, മലയാളിക്കടേന്നാ...''ദിവസങ്ങള്‍ക്കുമുമ്പ് മുംബൈയിലെ സ്വീകരണവേദിയിലിരിക്കെ റസൂലിനൊരു ഫോണ്‍വന്നു. മാനേജര്‍ ബൈജു ഫോണെടുത്തപ്പോള്‍ മറുതലയ്ക്കലെ ശബ്ദം; 'ഞാനാ, മലയാളിക്കടേന്നാ.' മുംബൈയില്‍ റസൂലിന് പരിചയമുള്ള 'മലയാളിക്കട' ഉടമയുടേതായിരുന്നു ഫോണ്‍-സന്തോഷം പങ്കിടാന്‍. ഇത്തരം വിളികളിലെ സ്നേഹവായ്പില്‍ റസൂലിന്റെ ഫോണിന് വിശ്രമമില്ല. ഫ്‌ളാറ്റില്‍ തിരക്കൊഴിഞ്ഞ നേരമില്ല. മുംബൈയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ് റസൂല്‍. അതുകൊണ്ടുതന്നെ സ്നേഹപ്രകടനങ്ങളുടെ ആഴവുംകൂടും. 'ഞങ്ങളില്‍ ഒരാള്‍' എന്ന് ഈ ഓസ്‌കര്‍ ജേതാവിനെ ഓരോരുത്തരും കരുതുന്നു-അകലങ്ങളില്ലാതെ. ഒരു നടനോ നടിക്കോ സംവിധായകനോ ഇതുപോലൊരനുഭവം ഏറെക്കുറെ അന്യമാകുമെന്നുറപ്പ്. എല്ലാവര്‍ക്കും ഒന്നുതൊടാന്‍, അടുത്തുചെന്ന് സംസാരിക്കാന്‍ പറ്റുന്ന ഓസ്‌കര്‍ ജോതാവാണിന്ന് റസൂല്‍. സിനിമയുടെ അണിയറയില്‍നിന്ന് മുന്നിലേക്കിറങ്ങാതെ മാറിനിന്ന ഈ യുവാവിനെ, മലയാളികളെപ്പോലെ മുംബൈക്കാരും തങ്ങളുടേതെന്ന് കരുതുന്നതിന്റെ തെളിവ് സ്വീകരണങ്ങളിലെ ആള്‍ക്കൂട്ടവും ആവേശവുമാണ്. മലയാളിസംഘടനകളാകട്ടെ വാശിയോടെ മത്സരിക്കുന്നു, കാത്തിരിക്കുന്നു റസൂലിനെയൊന്നുകിട്ടാന്‍.എം.കെ. സുരേഷ്‌


No comments: