Wednesday, March 04, 2009

ഒറീസ്സയും മഹാരാഷ്ട്രയും ബി.ജെ.പി.യെ കുഴക്കുന്നു


ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടും ഒറീസ്സയിലും മഹാരാഷ്ട്രയിലും സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കാത്തത് ബി.ജെ.പി.യെ കുഴക്കുന്നു.ഒറീസ്സയില്‍ ബിജു ജനതാദളുമായുള്ള അപസ്വരങ്ങള്‍ പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ബി.ജെ.പി. ഭയപ്പെടുന്നു. എന്നാല്‍, ചര്‍ച്ച നീളുന്നത് ബി.ജെ.പി.യെ സമ്മര്‍ദത്തിലാക്കാനുള്ള സഖ്യകക്ഷികളുടെ നീക്കമാണെന്നാണ് മുതിര്‍ന്ന ബി.ജെ.പി. നേതാവ് സൂചിപ്പിച്ചത്. തൂക്കുപാര്‍ലമെന്റ് ഉണ്ടായാല്‍ ബി.ജെ.ഡി.യും ശിവസേനയും എന്തു നിലപാടെടുക്കുമെന്ന് ബി.ജെ.പി.ക്ക് നിശ്ചയമില്ല.മഹാരാഷ്ട്രയില്‍ ശിവസേനയുമായി ബി.ജെ.പി. സഖ്യമാരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. എന്നിട്ടും നിര്‍ണായകഘട്ടങ്ങളില്‍ പലപ്പോഴും ശിവസേന മുന്നണി മര്യാദ കാണിച്ചില്ല എന്ന പരാതി ബി.ജെ.പി.ക്കുണ്ട്. പ്രമോദ് മഹാജന്റെ മരണത്തോടെ ശിവസേനയുമായി തന്ത്രപരമായ ബന്ധവും സാധ്യമല്ലാതായി. സംസ്ഥാന ബി.ജെ.പി. നേതാക്കളില്‍ പലരും സേനാ നേതാക്കളുമായി ശത്രുതയിലാണ്. അതിനും പുറമേയാണ് ശരദ്പവാറിന്റെ എന്‍.സി.പി.യോട് പരസ്യമായി ശിവസേന പുലര്‍ത്തുന്ന ചായ്‌വ്. ത്രിശങ്കു സര്‍ക്കാറുകള്‍ക്ക് സാധ്യത വരികയും ശരദ്പവാര്‍ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ശിവസേന കരണംമറിയുമെന്ന് ബി.ജെ.പി. നോതക്കള്‍ ഭയപ്പെടുന്നു. 48 ലോക്‌സഭാ സീറ്റില്‍ നിലവില്‍ പന്ത്രണ്ടെണ്ണം ബി.ജെ.പി.ക്കും പതിനൊന്നെണ്ണം ശിവസേനയ്ക്കുമാണുള്ളത്. ശിവസേന-ബി.ജെ.പി. സഖ്യം ഒരുമിച്ച് നിന്നാല്‍ കൂടുതല്‍ സീറ്റ് നേടാന്‍ കഴയുമെന്നുതന്നെയാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിശ്വാസം. എന്നാല്‍, ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ട മഹാരാഷ്ട്രയില്‍ ഇപ്പോഴും വ്യക്തമായ നിലപാടുകളെടുക്കാന്‍ സേനാ നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് ബി.ജെ.പി. കുറ്റപ്പെടുത്തുന്നത്.ബി.ജെ.പി.യുമായി സഖ്യം തുടങ്ങിയശേഷം മതേതര മുഖം നഷ്ടമായെന്ന് ബിജുജനതാദള്‍ നേതാക്കള്‍ക്ക് ചിന്ത തുടങ്ങിയിട്ട് നാളുകുറേയായി. ഒറീസ്സ നിയമസഭയിലേയ്ക്കുകൂടി പൊതുതിരഞ്ഞെടുപ്പിനൊപ്പം മത്സരം നടക്കുന്നതുകൊണ്ട് ബി.ജെ.ഡി. ഇത്തവണ കടുത്ത നിലപാടിലാണ്. സീറ്റുവിഭജനത്തിന്റെ പേരിലാണ് നിലവില്‍ അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നതെങ്കിലും മുഖ്യമന്ത്രിയും ബി.ജെ.ഡി. മേധാവിയുമായ നവിന്‍ പട്‌നായിക് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും അയല്‍സംസ്ഥാനമായ പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുമായി സഖ്യസാധ്യതകള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.ഡി.യും കളംമാറ്റി ചവിട്ടുമോ എന്ന ശങ്ക ബി.ജെ.പി. നേതൃത്വത്തിനുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ കഴിഞ്ഞ കുറച്ചു കാലമായി തീവ്രഹിന്ദു വിഭാഗങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ നശിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ സഖ്യം തുടരുകയാണെങ്കില്‍പോലും ബി.ജെ.പി.ക്ക് കൂടുതല്‍ സീറ്റ് നല്‍കേണ്ടതില്ലെന്നുമാണ് ബി.ജെ.ഡി.യിലെ ചിലരുടെ നിലപാട്. 147 അംഗ നിയമസഭയിലേക്ക് കഴിഞ്ഞവര്‍ഷം ബി.ജെ.പി. 63 സീറ്റിലും ബി.ജെ.ഡി. 84 സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണ നൂറു സീറ്റെങ്കിലും വേണമെന്നാണ് ബി.ജെ.ഡി.യുടെ നിലപാട്. 21 പാര്‍ലമെന്റ് സീറ്റുകളില്‍ കഴിഞ്ഞ തവണത്തെ 12ന്റെ സ്ഥാനത്ത് ഇക്കുറി 16 എണ്ണമെങ്കിലും വേണമെന്നും അവര്‍ പറയുന്നു. എന്നാല്‍, അത് സാധിക്കില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.തിരഞ്ഞെടുപ്പിനുമുന്‍പുള്ള ബി.ജെ.പി.യുടെ പ്രതീക്ഷ ദക്ഷിണേന്ത്യയില്‍ രണ്ടിടത്ത് രാഷ്ട്രീയസഖ്യങ്ങള്‍ ഉണ്ടാക്കാമെന്നായിരുന്നു. തമിഴ്‌നാട്ടില്‍ ജയലളിതയുമായും ആന്ധ്രപ്രദേശില്‍ ചിരഞ്ജീവിയുമായും പശ്ചിമബംഗാളില്‍ മമതയുമായും സഖ്യത്തിലേര്‍പ്പെടാന്‍ കഴിയുമെന്ന ബി.ജെ.പി.യുടെ പ്രതീക്ഷ അസ്ഥാനത്തായി. നേരത്തേ ബംഗാളില്‍ സഖ്യത്തിലുണ്ടായിരുന്ന മമത കോണ്‍ഗ്രസ്സിനോട് അടുത്തിരിക്കുകയാണ്.ഡി. ശ്രീജിത്ത്


No comments: