Wednesday, March 04, 2009

ഐ.പി.എല്‍. മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍


ന്യൂഡല്‍ഹി: രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി 20 ടൂര്‍ണമെന്റ് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ അര്‍ധസൈനിക വിഭാഗം തിരഞ്ഞെടുപ്പ് ജോലികളില്‍ മുഴുകുമെന്നതിനാല്‍, ഐ.പി.എല്ലിന് മതിയായ സുരക്ഷ നല്‍കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ നിലപാട്. എന്നാല്‍, ഐ.പി.എല്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് ടൂര്‍ണമെന്റ് സംഘാടകര്‍ വ്യക്തമാക്കി. ഏപ്രില്‍ പത്തുമുതല്‍ മെയ് 24 വരെയാണ് ഐ.പി.എല്‍. ഏപ്രില്‍ 16 മുതല്‍ മെയ് 13വരെ അഞ്ചുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഐ.പി.എല്ലിലെ നാല്‍പ്പതു മത്സരങ്ങള്‍ക്കും സുരക്ഷയൊരുക്കാന്‍ സേനയെ വിട്ടുകൊടുക്കാനാവില്ലെന്നാണ് ചിദംബരത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം ഐ.പി.എല്‍ നടത്തുന്നതായിരിക്കും ഉചിതമെന്നും ചിദംബരം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അധികൃതര്‍ ഉടനെ ഐ.പി.എല്‍ സംഘാടകരെ കാണുമെന്നും ചിദംബരം പറഞ്ഞു. എന്നാല്‍, ഐ.പി.എല്‍ മാറ്റിവയ്ക്കുന്ന പ്രശ്‌നമേയില്ലെന്ന് ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ മത്സരങ്ങള്‍ വരാതിരിക്കത്തക്ക രീതിയില്‍ മത്സരങ്ങള്‍ പുനഃക്രമീകരിക്കാന്‍ തയ്യാറാണെന്നും മോഡി പറഞ്ഞു. പാകിസ്താനിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്നും മോഡി പറഞ്ഞു. ഐ.സി.സി.യുടെ സുരക്ഷാ ഉപദേഷ്ടാവ് നിക്കോള്‍സ് സ്‌റ്റെയ്‌നാകും ടൂര്‍ണമെന്റിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക.


No comments: