Wednesday, March 04, 2009

പലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുമെന്ന് അമേരിക്ക


ജറുസലേം: പലസ്തീന്‍രാഷ്ട്രം യാഥാര്‍ഥ്യമാക്കാന്‍ ശ്രമം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. രണ്ടുദിവസത്തെ പശ്ചിമേഷ്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റനാണ് ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച ജറുസലേമിലെത്തിയ ഹില്ലരി ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് യു.എസ്. നിലപാട് വ്യക്തമാക്കിയത്. ''ഇസ്രായേലും പലസ്തീനികളുംതമ്മിലുള്ള സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്താനാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും ഞാനും ശ്രമിക്കുന്നത്'' -ഹില്ലരി പത്രലേഖകരോട് പറഞ്ഞു. ഗാസയില്‍ നിന്നുള്ള റോക്കറ്റാക്രമണങ്ങള്‍ തുടരുന്നതില്‍ അരിശം പ്രകടിപ്പിച്ച ഹില്ലരി, ഇസ്രായേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ഇസ്രായേലിലെ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഹില്ലരി ചര്‍ച്ച നടത്തി. ബുധനാഴ്ച വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുന്ന ഹില്ലരി, പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും പ്രധാനമന്ത്രി സലാം ഫയ്യദുമായും കൂടിക്കാഴ്ച നടത്തും.


No comments: