Wednesday, March 04, 2009

ബോണ്ട് ചിത്രത്തിലേക്ക് സ്‌ലംഡോഗ് സംവിധായകന്‍


മുംബൈയിലെ അഴുക്കുനിറഞ്ഞ ചേരികളില്‍ നിന്ന് അംബരചുംബികളും കണ്ണാടി പോലത്തെ നിരത്തുകളുമുള്ള ന്യൂയോര്‍ക്ക് നഗരത്തിലേക്കാണോ ഡാനി ബോയ്‌ലിന്റെ കൂടുമാറ്റം? ഏറ്റവും പുതിയ വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ അതേയെന്ന് സമ്മതിക്കേണ്ടിവരും. ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയതോടെ 'സ്‌ലംഡോഗ് മില്യനയറി'ന്റെ സംവിധായകന്‍ ഡാനിക്ക് ഹോളിവുഡില്‍ നിന്ന് അവസരങ്ങളുടെ കുത്തൊഴുക്കാണ്. അരഡസന്‍ സിനിമാ സ്റ്റുഡിയോകളെങ്കിലും തങ്ങളുടെ ചിത്രം ഡാനി സംവിധാനം ചെയ്യണമെന്ന അഭ്യര്‍ഥനയുമായി മുന്നോട്ടുവന്നുകഴിഞ്ഞു. അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡാനിയാകുമെന്നാണ് ഏവരും പറഞ്ഞുകേള്‍ക്കുന്ന വാര്‍ത്ത. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ നിര്‍മാതാവ് ബാര്‍ബറ ബ്രൊക്കോളിയും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഏറ്റവും അവസാനമിറങ്ങിയ 'ക്വാണ്ടം ഓഫ് സോളസ്' അടക്കം ഇരുപത്തിരണ്ട് ജെയിംസ് ബോണ്ട് സിനിമകള്‍ നിര്‍മിച്ചയാളാണ് ബാര്‍ബറ. ഡാനിയല്‍ ക്രെയിഗ് ബോണ്ടായി എത്തിയ 'ക്വാണ്ടം ഓഫ് സോളസി'ന്റെ രണ്ടാം ഭാഗമാണ് 23-ാമതായി പുറത്തിറക്കാന്‍ ബാര്‍ബറ ആലോചിക്കുന്നത്. ഇത് ഡാനി ബോയ്‌ലിനെക്കൊണ്ട് സംവിധാനം ചെയ്യിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്ന് ബാര്‍ബറയുടെ ഓഫീസ് അറിയിച്ചു. സിനിമയുടെ സഹനിര്‍മാതാവ് കാല്ലം മക്ഡലുമായി ഡാനിക്കുള്ള സൗഹൃദമാണ് ഈവഴിക്ക് ചിന്തിക്കാന്‍ ബാര്‍ബറയെ പ്രേരിപ്പിച്ചത്. 2002ല്‍ ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത 'ദി ബീച്ച് ' എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു മക്ഡല്‍. പുതിയ സിനിമയെക്കുറിച്ച് ഡാനി ബോയ്ല്‍ ഇതുവരെ മനസ്സുതുറന്നിട്ടില്ല. ലോകമെങ്ങും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ ലഭിക്കുന്ന അവസരം ഒരു സംവിധായകനും തള്ളിക്കളയാറില്ലെന്നതാണ് സത്യം. പുതിയ ജെയിംസ് ബോണ്ട് ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയ ഉടന്‍ തന്നെ സിനിമയില്‍ നായികയാകാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഒരു താരവും മുന്നോട്ടുവന്നുകഴിഞ്ഞു; ജെനിഫര്‍ ആനിസ്റ്റന്‍. ''ജെയിംസ് ബോണ്ട് ചിത്രത്തില്‍ ആക്ഷന്‍ നായികയായി പ്രത്യക്ഷപ്പെടാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഡാനിയല്‍ ക്രെയിഗിനൊപ്പം അഭിനയിക്കുക എന്ന കാര്യവും എന്നെ സന്തോഷിപ്പിക്കുന്നു''- ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജെനിഫര്‍ തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. 40-കാരിയായ ജെനിഫറിന് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അവരുടെ ആരാധകരിലേറെയും. അതുകൊണ്ടുതന്നെ ബോണ്ട് നായികയായി ജെനിഫര്‍ പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുകയാണവര്‍.


No comments: