Wednesday, March 04, 2009

സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയത് മൂന്ന് ഓഹരികള്‍ മാത്രം


മുംബൈ: ഇന്ത്യന്‍ ഓഹരി 40 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തപ്പോള്‍ സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ നേട്ടമുണ്ടാക്കിയത് മൂന്നെണ്ണം മാത്രം. ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസിസി, ജയപ്രകാശ് അസോസിയേറ്റ്‌സ് എന്നിവയാണിത്. മറ്റു 27 സൂചികാധിഷ്ഠിത ഓഹരികളും നഷ്ടത്തിലാണവസാനിച്ചത്. സെന്‍സെക്‌സ് നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും കടുത്ത വില്പന സമ്മര്‍ദ്ദമാണ് വിപണിയെ താഴേക്കിട്ടത്. 8,583.06-ല്‍ വ്യാപാരം ആരംഭിച്ച വിപണി 8,635.20 വരെ ഉയര്‍ന്ന ശേഷമാണ് താഴേക്കു പോയി 8,427.29 ല്‍ അവസാനിച്ചത്. ഒരവസരത്തില്‍ 8,390.21 വരെ താഴ്ന്നു. തുടര്‍ച്ചയായി മൂന്ന് വ്യാപാര ദിനങ്ങളിലായി വിപണി താഴേക്കാണ്. ഉപഭോക്തൃ സാമഗ്രി, എഫ്എംസിജി, ബാങ്കിങ്, ടെക്‌നോളജി മേഖലയിലെ സൂചികകള്‍ക്ക് രണ്ട് ശതമാനത്തിലധികം നഷ്ടമുണ്ടായി. മറ്റ് എല്ലാ മേഖലകളും നഷ്ടത്തില്‍ തന്നെയാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ് കാപ് സൂചിക 1.62 ശതമാനവും സേ്മാള്‍ കാപ് 1.30 ശതമാനവും താഴ്ന്നു. ടാറ്റാ പവറിന്റെ ഓഹരി വില 6.5 ശതമാനവും റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്‍േറത് 4.5 ശതമാനവും ഇടിഞ്ഞു. ഐടിസി, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍, സണ്‍ഫാര്‍മ എന്നിവയാണ് നഷ്ടമുണ്ടായ മറ്റു പ്രമുഖ ഓഹരികള്‍. ഗ്രാസിം, എസിസി എന്നീ ഓഹരികള്‍ മാത്രമാണ് പിടിച്ചുനിന്നത്.


No comments: